•   Sunday, 07 Jul, 2024

ചർച്ച് ഓഫ് ഗോഡും തിരഞ്ഞെടുപ്പു ചൂടിലേയ്ക്ക്!

Generic placeholder image
  Pracharam admin

പുതുപ്പള്ളിയിലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ  ആവേശം അണയുമ്പോൾ ചർച്ച് ഓഫ് ഗോഡിന്റെ ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ  ഓവർസിയർ  പ്രിഫറൻസ് ബാലറ്റിനും, തെരഞ്ഞെടുപ്പിനും  കളം ചൂടുപിടിക്കുന്നു. അധികാരം നിലനിർത്തുവാൻ  നിലവിലുള്ള ഓവർസിയർമാർ ശ്രം തുടരുമ്പോൾ, അവരെ എങ്ങനെ അട്ടിമറിച്ച്  ഭരണം നേടാമെന്നുള്ള ഗവേഷണത്തിൽ ആണ് രണ്ടാംനിര നേതൃത്വം. ഭരണത്തിൽ ഏഴുവർഷം പൂർത്തീകരിച്ചു എന്ന് പലരുടെയും മുഖപുസ്തകത്തിൽ പതിയപ്പെട്ടത് ഓവർസിയർമാരോടുള്ള ഓർമ്മപ്പെടുത്തൽ ആണെന്നും പരക്കെ പറയപ്പെടുന്നുണ്ട്.

ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിലായി 8 ഓവർസിയർമാരാണ് ചർച്ച് ഓഫ് ഗോഡിനുള്ളത്. അതത് പ്രവർത്തന മേഖലകളിലെ പ്രസിഡൻ്റ് എന്ന് ഇവരെ വിവക്ഷിക്കാം. ചർച്ച് ഓഫ് ഗോഡിലെ പരമാധികാരികൾ ആണ് ഓവർസീയർമാർ എന്നാണ് വെയ്പ്പ്. 8 ഓവർസിയർമാരിൽ പലരും അടുത്തവർഷം ഭരണത്തിൽ 8 വർഷം പൂർത്തിയാക്കുന്നതിനാൽ ജനവിധി നേരിടേണ്ടവർ ആണ്.  എന്നാൽ മുളക്കുഴയിൽ ഉള്ളത്ര വീറും, വാശിയും മറ്റൊരിടത്തും ചർച്ച് ഓഫ് ഗോഡിൽ ഉണ്ടാവാറില്ല തന്നെ. സഭയുടെ കീഴിൽ ഉള്ള ആയിരത്തി അഞ്ചൂറിൽ പരം സുവിശേഷകർ ആണ് ഓവർസിയറെ തിരഞ്ഞെടുക്കുന്നത്.

പാസ്റ്റർ സി. സി. തോമസ് ആണ് നിലവിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ. താൻ ഭരണനേതൃത്വം ഏറ്റെടുത്തിട്ട് എട്ട് വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. ഓവർസിയർ പദവി ലഭിക്കും മുൻപ് അദ്ദേഹം ദീർഘ വർഷങ്ങൾ അമേരിക്കയിൽ ശുശ്രൂഷകൻ ആയിരുന്നു. 2016-ൽ ആണ് അദ്ദേഹം കേരളത്തിൽ ഓവർസിയർ ആകുന്നത്. സ്തുത്യർഹമായ സേവനം നിർവഹിച്ച അദേഹത്തിന്റെ ഭരണകാലത്ത് ചർച്ച് ഓഫ് ഗോഡിന്റെ  ആസ്ഥാനത്ത് അഭിമാനകരമായ പല കെട്ടുപണികളും നടത്തുവാൻ  സാധിച്ചു. തൻ്റെ ഭരണത്തിന്റ തുടക്കം മുതൽ എതിർചേരിയിൽ നിന്നവരെ  സ്വാധീനിക്കുവാനോ തന്റെ പക്ഷത്ത് അവരെ കൊണ്ടുവരുവാനോ തനിക്ക് കഴിഞ്ഞില്ല. അവരെ ഇന്നുവരെയും കൈപ്പാട് അകലം അകറ്റി നിർത്തി എന്നത് തന്റെ  പ്രധാന വീഴ്ചയാണ്. അതുകൊണ്ടുതന്നെ തന്റെ ഭരണ പോരായ്മകൾ പലതും പുറംലോകം കൊട്ടിഘോഷിക്കുവാൻ അവർ കാരണം ആയി. മുളക്കുഴയിലെ വസ്തു പാട്ടം കൊടുക്കുവാൻ ശ്രമിച്ചതും, തലമുറകളായി സഭ വർജിച്ചിരുന്ന ആഭരണധാരണം തുടങ്ങിയുള്ള വിഷയങ്ങളിൾ മൗനം പാലിച്ചതും, ട്രാൻസ്ഫർ സംബന്ധിച്ചുള്ള സംഗതികൾ ഉൾപ്പെടെ പലതും  പ്രതിപക്ഷം തെളിവുകൾ സഹിതം  പുറത്തുവിട്ടത്  അദ്ദേഹത്തിന് ശക്തമായ തിരിച്ചടി ആയി. 

പ്രിഫറൻസ് ബാലറ്റിൽ പാസ്റ്റർ സി സി തോമസിന്, വേൾഡ് മിഷൻ അനുശാസിക്കുന്ന നിശ്ചിത വോട്ട് ലഭിക്കാത്ത പക്ഷം ഏറ്റവും അധികം വോട്ട് ലഭിക്കുന്ന അടുത്ത വ്യക്തി ആയിരിക്കും ചർച്ച് ഓഫ് ഗോഡ്  കേരളാ സ്റ്റേറ്റിന്റെ അടുത്ത ഓവർസിയർ. പാസ്റ്റർ സിസി തോമസിനെ തുടരണമെങ്കിൽ 75% വോട്ട് വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വളരെ ശ്രമകരമായ കാര്യമാണെന്ന് പറയപ്പെടുന്നു. ആക്ഷേപങ്ങളും, എതിർപ്പുകളും ഇല്ലാതിരുന്ന സമയത്ത് നടന്ന ആദ്യ പ്രിഫറൻസ് ബാലറ്റിൽ പോലും തനിക്ക് ഇത്രയും വോട്ടുകൾ നേടുവാൻ കഴിഞ്ഞില്ലാ എന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ പലരും അടക്കം പറയുന്നു. ശുശ്രൂഷകരുടെ ട്രാൻസ്ഫറിൽ ഏകപക്ഷിയ തീരുമാനങ്ങൾ ആണ് നടന്നത് എന്ന ആക്ഷേപം ശക്തമായതിനാൽ ലഭിക്കുന്ന വോട്ടുകളെ അത് ഗണ്യമായി ബാധിച്ചേക്കാം.

പാസ്റ്റർ സി. സി തോമസ് അല്ലെങ്കിൽ, പാസ്റ്റർമാരായ ബാബു ചെറിയാൻ, ഷിബു കെ മാത്യു, വൈ റെജി, എന്നിവരുടെ പേരുകൾ ആണ് ഓവർസിയർ സ്ഥാനത്തേയ്ക്ക് പറഞ്ഞുകേൾക്കുന്നത്. ഇവരിൽ പലരും പരസ്യപ്രചരണം ആരംഭിച്ചു കഴിഞ്ഞു. 

പാസ്റ്റർ ഷിബു കെ മാത്യു, പാസ്റ്റർ വൈ റെജി എന്നിവർ വളരെ ജൂനിയേഴ്സ് ആണെന്നതും, അവർ ഭരണപക്ഷത്തിന്റെ പിന്തുടർച്ചക്കാർ എന്ന നിലയിൽ അവർക്ക് എതിരായി ഉയരുന്ന ഭരണവിരുദ്ധ വികാരവും പാസ്റ്റർ ബാബു ചെറിയാന്  അനുകൂല ഘടകമാണ്. പാസ്റ്റർ ഷിബു കെ മാത്യൂ ദൈവസഭയിൽ ഡോക്ടറേറ്റ് ലഭിച്ച ചുരുക്കം ശുശ്രൂഷകരിൽ ഒരാൾ ആണ്.  പാസ്റ്റർ വൈ റെജി യുവജന പ്രസ്ഥാനത്തിൻ്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യം ആയിരുന്നു. ഇവർ മത്സര രംഗത്ത് കാണുമെന്നും ഇല്ലെന്നും രണ്ട് പക്ഷം ഉണ്ട്. യാതാർത്ഥ്യം വെളിപ്പെടുവാൻ ഇനിയും സമയം എടുത്തേക്കാം.

ദൈവസഭയുടെ കേരള സ്റ്റേറ്റിലെ കീഴ്‌വഴക്കം അനുസരിച്ച് 65 വയസിൽ താഴെയുള്ളവർക്ക് മാത്രമേ ഔദ്യോഗിക പദവികൾ വഹിക്കുവാൻ കഴിയുകയുള്ളൂ. അതിനാൽ പാസ്റ്റർ ബാബു ചെറിയാന് ഇത് അവസാന അവസരം ആണ്.  ഏറ്റവും കൂടുതൽ കാലം കൗൺസിൽ അംഗമായും, ദീർഘ വർഷങ്ങൾ സ്വദേശത്തും വിദേശത്തും മാതൃകാ ശുശ്രൂഷകനായും സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു എന്നതും അദ്ദേഹത്തിന്റെ ജനസമ്മതി വർദ്ധിപ്പിക്കുന്നു. തന്റെ സൗമ്യതയും, എളിയവരോടുള്ള ആദരവും, ദീനാനുകമ്പയും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കുന്ന ഘടകങ്ങളാണ്.

ജനുവരിയിൽ കൗൺസിൽ ഇലക്ഷനോട് അനുബന്ധിച്ചോ അതിനു ശേഷമോ ഓവർസിയർ പ്രിഫറൻസ് ബാലറ്റും നടന്നേക്കാം. ഈ സാഹചര്യങ്ങളെ വിലയിരുത്തികൊണ്ട് ചൂടുപിടിച്ച ചർച്ചകളും സമവായങ്ങളും ആരംഭിച്ചു കഴിഞ്ഞു. ലയനങ്ങളും, പിളർപ്പുകളും, കാലുവാരലുകളും ഒക്കെ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. 'സാമം ദാനം ദണ്ഡനം' തുടങ്ങി 'വെടക്കാക്കി തനിക്കാക്കാനും' എന്നുവേണ്ട പയറ്റി തെളിച്ച സകല തന്ത്രങ്ങളും പ്രയോഗിക്കപ്പെടും. എന്നാൽ അതെല്ലാം 'പാഴിൻ്റെ നൂലും, ശൂന്യത്തിൻ്റെ തൂക്കുകട്ടയും' പോലെ ഭക്തർ കണക്കാക്കും. ദൈവഹിതം മാത്രം അവരിലൂടെ നിറവേറും. സ്ഥാനം നിലനിർത്തുവാനും, സ്ഥാനം നേടുവാനുമുള്ള പരക്കം പാച്ചിലിൽ ആരും സ്വന്തം വിളിയും തിരഞ്ഞെടുപ്പും  മറക്കാതിരിക്കാൻ ശ്രദ്ധിക്കട്ടെ!

Comment As:

Comment (0)