ക്രിസ്ത്യൻ പള്ളികൾ കൂടുകയാണെന്ന പരാതിയിൽ നടപടിക്ക് നിർദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുകയാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിർദ്ദേശിച്ച് കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തദ്ദേശ ജോയിന്‍റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവാണ് വിവാദമായത്. വലിയ ചർച്ചയായതോട ഉത്തരവ് പിൻവലിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണം തേടി.
ബെംഗളൂരു സ്വദേശിനി നീന മെനോൻ സർക്കാരിന് നൽകിയ പരാതിയാണ് പരിശോധനക്കായി തദ്ദേശ വകുപ്പിന് കൈമാറിയത്. ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വഭാവിക അന്തരീക്ഷത്തിൽ മാറ്റം വരുന്നതായും അന്വേഷണം വേണമെന്നുമായിരുന്നു പരാതി. ഈ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിന് സർക്കാർ പരാതി കൈമാറിയത്. ഈ മാസം മൂന്നിനായിരുന്നു പരാതി കൈമാറിയത്. ഡയറക്ടറേറ്റിൽ നിന്നും അന്വേഷണം നടത്താനായി എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കും നിർദ്ദേശം നൽകി. സർക്കാർ കൈമാറിയ പരാതിയില്‍ നടപടി വേണമെന്നായിരുന്നു ഡയറക്ടേറ്റിലെ ജോയിന്റ് ഡയറക്ടറുടെ ഉത്തരവിലെ നിർദ്ദേശം. തഴേ തട്ടിലേക്ക് പോയ ഉത്തരവ് ഉദ്യോഗസ്ഥ തലത്തിൽ തന്നെ വലിയ ചർച്ചയായി.
നവമാധ്യമങ്ങളടക്കം ചർച്ച തുടങ്ങിയതോടെ സർക്കാർ ഉത്തരവ് പിൻവലിച്ചു. ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഡയറക്ടറുടെ വിശദീകരണം. ഉത്തരവിറക്കിയ ഉദ്യോഗസ്ഥതോടെയാണ് വിശദീകരണം തേടിയതായും പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം പറഞ്ഞു.