190 ദിവസത്തിനിടെ ക്രൈസ്തവർക്കു നേരേ 400 അക്രമ സംഭവങ്ങള്‍.
2023ലെ ആദ്യത്തെ ആറ് മാസത്തിനിടെ രാജ്യത്തു ക്രൈസ്തവർക്കു നേരേ അരങ്ങേറിയത് 400 അക്രമ സംഭവങ്ങളാണെന്ന വെളിപ്പെടുത്തലുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ (UCF) പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുമാസമായി കലാപം നടക്കുന്ന മണിപ്പുരിലെ അക്രമ സംഭവങ്ങൾക്കു പുറമേയുള്ള കണക്കാണിതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും നടന്നത് ഉത്തര്‍പ്രദേശിലാണ്. 155 അക്രമങ്ങളാണ് സംസ്ഥാനത്ത് ഇക്കാലയളവില്‍ അരങ്ങേറിയത്.
യുപിയിലെ ജോനാപുർ (13), റായ്ബറേലി (11), സീതാപുർ (11), കാൺപുർ (10), കുശിനഗർ (9), അസ്മാർഗ് (9) എന്നീ ജില്ലകളില്‍ കൂടുതല്‍ അക്രമങ്ങൾ നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അക്രമങ്ങളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള ഛത്തീസ്ഗഢിലെ (84) ബസ്തറിൽ മാത്രം ഇക്കാലയളവിൽ 31 അക്രമ സംഭവങ്ങളുണ്ടായി. കഴിഞ്ഞ മാസം മാത്രം ക്രൈസ്തവർക്കു നേരേ 88 അക്രമങ്ങൾ അരങ്ങേറി. കണക്കുകള്‍ പ്രകാരം പ്രതിദിന അക്രമസംഭവങ്ങളുടെ എണ്ണം മൂന്നാണ്. ജനുവരിയിൽ 62, ഫെബ്രുവരിയിൽ 63, മാർച്ചിൽ 66, ഏപ്രിലിൽ 47, മേയിൽ 50, എന്നിങ്ങനെയായിരുന്നു അക്രമങ്ങളുടെ എണ്ണം. ജൂലൈയിൽ ആദ്യത്തെ പത്തു ദിവസം കൊണ്ട് 24 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ അക്രമ സംഭവങ്ങളുടെ എണ്ണം പ്രതിദിനം മുന്നാണ്. 2014 മുതൽ ആറു മാസത്തിനിടെ ഏറ്റവുമധികം ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും 2023ലാണ്. വൈദികർ, സന്യാസിനികൾ എന്നിവർക്കൊപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളും അതിക്രമങ്ങൾക്ക് ഇരകളായവരിലുണ്ട്. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങളിൽ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2014ൽ ആകെയുണ്ടായ ക്രൈസ്തവ പീഡനങ്ങൾ 147 ആണ്. കഴിഞ്ഞ വർഷം ആകെ 599 അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്