സ്വീഡനിലെ “മതഗ്രന്ഥ പോര്’; കത്തിക്കൽ പ്രതിഷേധം ഉപേക്ഷിച്ച് ഇസ്ലാം വിശ്വാസി ലോകത്തിനു മാതൃക ആയി.
സ്റ്റോക്ഹോം: ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധം നടത്തിയ തീവ്ര വലതുപക്ഷ അനുയായിയുടെ നടപടിക്ക് “മറുപടി’ നൽകാനായി, ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളും ജൂത വിശുദ്ധ ഗ്രന്ഥമായ തോറയും പരസ്യമായി കത്തിക്കുമെന്ന് പ്രഖ്യാപിച്ച വ്യക്തി തൻ്റെ തീരുമാനത്തിൽ നിന്നും പിൻവാങ്ങി. സിറിയൻ സ്വദേശിയും സ്വീഡനിലെ സ്ഥിരതാമസക്കാരനുമായ അഹ്മദ് അലൗഷ് (32) എന്ന യുവാവ് ആണ് ഗ്രന്ഥം കത്തിക്കൽ പ്രതിഷേധത്തിൽ നിന്നും പിന്മാറിയത്.
തലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ ഇസ്രയേലി എംബസിയുടെ മുമ്പിൽ വച്ച് ബൈബിളും തോറയും കത്തിക്കുമെന്ന് ഇയാൾ മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിന് സ്റ്റോക്ഹോം പോലിസ് അനുമതിയും നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ, താൻ ഒരിക്കലും മതഗ്രന്ഥങ്ങൾ കത്തിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഖുറാനെ അപമാനിച്ചതിലുള്ള രോക്ഷം രേഖപ്പെടുത്താൻ മാത്രമേ ഉദേശിച്ചിരുന്നുള്ളു എന്നും അലൗഷ് അറിയിച്ചു.
ഖുറാൻ കത്തിച്ചുള്ള പ്രതിഷേധ പരിപാടിക്ക് സ്വീഡൻ അനുമതി നൽകിയത് അന്തർദേശീയതലത്തിൽ വലിയ വിമർശനത്തിന് ഇടവരുത്തിയിരുന്നു. എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം ഏവർക്കുമുണ്ടെന്നും മതനിന്ദ നിയമം 1970-കളിൽത്തന്നെ രാജ്യത്തെ നിയമസംഹിതകളിൽ നിന്ന് ഒഴിവാക്കിയതാണെന്നുമായിരുന്നു സ്വീഡന്റെ വാദം. തോറ കത്തിക്കാനുള്ള പ്രതിഷേധത്തിന് അനുമതി നൽകിയതിൽ എതിർപ്പുമായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്ന സാഹചര്യത്തിൽ അലൗഷിൻ്റെ തീരുമാനം ഏറ്റവും ഉചിതം ആയിരുന്നു എന്നുവേണം കരുതുവാൻ.