•   Sunday, 06 Oct, 2024

അഞ്ചിൽ രണ്ട് പേർ പീഡിപ്പിക്കപ്പെടുന്നു.

Generic placeholder image
  Pracharam admin

ഓപ്പൺ ഡോർസ്  നടത്തിയ പഠനത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രദേശമായ ഏഷ്യയിൽ അഞ്ചിൽ രണ്ടു ക്രൈസ്തവർ മതപരമായ കാരണങ്ങളാൽ ഉയർന്ന തോതിലുള്ള പീഡനവും വിവേചനവും അനുഭവിക്കുന്നു എന്ന്   കണ്ടെത്തി. ആഗോളതലത്തിൽ, 365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു എന്നും കഴിഞ്ഞ 31 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2022 ഒക്‌ടോബർ മുതൽ 2023 സെപ്തംബർ വരെയുള്ള കാലയളവിലെ സർവേ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്.

ആക്രമണം, പീഡനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയവയും പല ക്രിസ്ത്യാനികളും ജോലിസ്ഥലത്തും ആരോഗ്യം, വിദ്യാഭ്യാസം, ആരാധനാലയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തിലും വിശ്വാസത്തിന്റെപേരിൽ നേരിടുന്ന മോശമായ അനുഭവങ്ങളും വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. “31 വർഷത്തെ ഗവേഷണത്തിൽ, ക്രിസ്ത്യൻവിരുദ്ധ പീഡനങ്ങളിൽ ക്രമാനുഗതമായ വർധനവ് ഞങ്ങൾ കണ്ടു. 2023 ഒരു റെക്കോർഡ് വർഷമായിരുന്നു” – 2015 മുതൽ ഓപ്പൺ ഡോർസിന്റെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ക്രിസ്റ്റ്യൻ നാനി വെളിപ്പെടുത്തി.

വിശ്വാസികൾ മതപരമായ കാരണങ്ങളാൽ പീഡനങ്ങൾ അനുഭവിക്കുന്ന നൂറോളം രാജ്യങ്ങൾ ഉണ്ട്.  ഈ വർഷം പ്രസിദ്ധീകരിച്ച പട്ടികയിൽ, മുൻവർഷങ്ങളിലെന്നപോലെ ഉത്തര കൊറിയ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ സൊമാലിയയും ലിബിയയുമുണ്ട്. ‘ഏറ്റവും തീവ്രമായ’ പീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തെ പട്ടികയിൽ 11 ആയിരുന്നത് ഈ വർഷം  13 ആയി ഉയർന്നു.

ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഉത്തര കൊറിയയ്‌ക്കൊപ്പം യെമൻ, പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, സിറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ആഗോളതലത്തിൽ, ഉപ-സഹാറൻ ആഫ്രിക്കയിൽ അസ്ഥിരത വളരുകയാണ്. ഇത് കൂടുതൽ മതപ്രേരിതമായ അക്രമത്തിന് കാരണമാകുന്നു. കൂട്ടക്കൊലകളുടെ പ്രഭവകേന്ദ്രമായി നൈജീരിയ ഇന്നും തുടരുന്നു. ഏറ്റവും പുതിയത്, നിർഭാഗ്യവശാൽ ക്രിസ്‌മസ് ദിനങ്ങളിൽ നടന്ന കൂട്ട ആക്രമണമാണ്.

ദുരുപയോഗം, ബലാത്സംഗം, നിർബന്ധിത വിവാഹങ്ങൾ എന്നിവ ഈ കാലയളവിൽ 3,231 ആയി ഉയർന്നു എന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. പള്ളികൾക്കെതിരായ ആക്രമണങ്ങളിൽ ‘അഭൂതപൂർവമായ’ വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്. 2,110-ൽ നിന്ന് 14,766 ആയി അത് ഉയർന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വർഷങ്ങളായി തുടർച്ചയായി ഒന്നാം സ്ഥാനത്തു തുടർന്നിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. നൈജീരിയ കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ക്രിസ്ത്യൻവിരുദ്ധ അക്രമങ്ങൾ നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രമാണ് പാക്കിസ്ഥാൻ. പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ഈ വർഷത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി വർധിച്ചുവരുന്ന ശത്രുതാപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.

Comment As:

Comment (0)