•   Monday, 25 Nov, 2024

സ്വകാര്യ ഇടങ്ങളിൽ പ്രാർത്ഥന അനുവദനീയം : ഹൈക്കോടതി

Generic placeholder image
  Pracharam admin

ബെംഗളൂരുവിലെ എച്ച്‌ബിആർ ലേഔട്ടിലെ ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി പ്രാർത്ഥനയ്‌ക്കായി ഉപയോഗിക്കുന്നതിനെതിരെ തദ്ദേശവാസികളിൽ ചിലർ  സമർപ്പിച്ച പൊതുതാൽപര്യ ഹർജി  കർണാടക ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് എംജിഎസ് കമൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആയിരുന്നു ഹർജ്ജി തള്ളിക്കളഞ്ഞത്.  എച്ച്‌ബിആർ ലേഔട്ടിലെ താമസക്കാരായ സാം പി ഫിലിപ്പ്, കൃഷ്ണ എസ്‌കെ, ജഗീശൻ ടിപി എന്നിവർ  ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, ബിബിഎംപി, മസ്ജിദ് ഇ-അഷ്‌റഫിത്ത് എന്നിവയ്‌ക്കെതിരെ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഇവരുടെ ഹർജി പൊതുതാൽപര്യ ഹർജിയിലേക്ക് മാറ്റിയത്. വിധി പകർപ്പ് ഇനിയും കോടതി പുറത്തു വിട്ടിട്ടില്ല.

ജനവാസകേന്ദ്രം പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം. ബിബിഎംപിയുടെ അനുമതിയില്ലാതെ മസ്ജിദ് ട്രസ്റ്റ് കെട്ടിടം നിർമിച്ചപ്പോൾ വിഷയം മുമ്പ് കോടതിയിൽ എത്തിയിരുന്നു.
ബിബിഎംപിയുടെ അനുമതി ലഭിച്ചാൽ മാത്രമേ മദ്രസ കെട്ടിടം നിർമിക്കാൻ പാടുള്ളൂവെന്ന് കോടതി നിർദേശിച്ചിരുന്നു. പിന്നീട് കെട്ടിടം നിർമിച്ച് പാവപ്പെട്ട കുട്ടികൾക്കായി മദ്രസയായി ഉപയോഗിച്ചു. വസ്തുവിൽ പുതിയ കെട്ടിടം വന്നതിനെ തുടർന്നാണ് പൊതുതാൽപര്യ ഹർജി നൽകിയത്.

പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, പ്രാർത്ഥന നടത്തുന്നതിലൂടെ അപകടസാധ്യതയുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ സമർപ്പിച്ച വാദത്തെ കോടതി ശക്തമായി അപലപിച്ചു. ചിലപ്പോൾ വൻതോതിൽ ആളുകൾ പ്രാർത്ഥനയിൽ പങ്കെടുക്കുമെന്ന ഹർജിക്കാരുടെ ആശങ്ക പ്രദേശവാസികൾക്ക് പ്രശ്നമുണ്ടാക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രാർത്ഥിക്കാനെത്തിയവർ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. അതിനാൽ, മുൻവിധിയോടെയാണ് അപേക്ഷ ഫയൽ ചെയ്യുന്നത് എന്ന് കോടതി കണ്ടെത്തി. ഹർജിക്കാരന്റെ വാദത്തിൽ കാരണമോ യുക്തിയോ ഇല്ല ബെഞ്ച് ഹർജി തീർപ്പാക്കി.

Comment As:

Comment (0)