•   Sunday, 06 Oct, 2024

ചേർച്ച ഉള്ള സ്വരം സംഘടനയുടെ ബലം

Generic placeholder image
  Pracharam admin

നുഭവങ്ങൾ ആണ് സംഘടിക്കുവാനും ഒത്തുചേരുവാനും ഒത്തുപ്രവർത്തിക്കുവാനും മനുഷ്യനെ സജ്ജരാക്കുന്ന ഘടകം. ബൈബിളിലെ പ്രഥമ ഒത്തുചേരൽ നിമ്രോദിന്റെ നിയന്ത്രണ ത്തിൽ ആയിരുന്നു. ഒത്തുചേരലിനു നിദാനമായ അനുഭവം ആകട്ടെ അവരുടെ മുൻതലമുറക്കാർ നേരിട്ട ജലപ്രളയത്തെക്കുറിച്ചുള്ള അകാരണമായ ഭീതിയും. ഒത്തുചേർന്നവരുടെ ഭാഷ തുടക്കത്തിലെന്നതുപോലെ ഒടുക്കത്തിലും ഒന്നായിരിക്കാഞ്ഞതിനാൽ ആ ഒത്തുചേരൽ ഒടുവിൽ അവതാളത്തിൽ ആയി എന്ന് നമ്മൾ വായിക്കുന്നു. ഭാഷയിലെ ഐക്യം നഷ്ടമായതിനു കാരണം, ദൈവാലോചന (ഭൂമിയിൽ പെരുവിൻ ഉല്പത്തി 1)-യോടുള്ള മറുലിപ്പിന്റേയും, ദൈവീക വാഗ്ദാന (ഭൂമിയെ നശിപ്പിക്കാൻ ഇനി പ്രളയം ഉണ്ടാകില്ല. ഉല്പത്തി 9:11)-ത്തോടുള്ള അവിശ്വാസത്തിന്റേയും അടിസ്ഥാനത്തിൽ ആരംഭിച്ച ദൈവീകമല്ലാത്ത സംഘടന ആയതിനാൽ ആയിരുന്നു എന്നത് നമുക്കറിവുള്ള സംഗതിയാണല്ലോ.

സംഘടിക്കുക, എന്നത് വളരെ നിസാരമാണ്. സംഘടിപ്പിക്കുന്നതും, സംഘടനയെ നിലനിർത്തുന്നതുമാണ് പ്രയാസം. സമാനചിന്താഗതിയും ആശയവുമുള്ള ഒരു മുത്തുമാലയിൽ കോർക്കുമ്പോലെ ചേർത്തു നിർത്തുന്നത് എല്ലാവരാലും സാധിക്കുന്ന ഒന്നല്ല. ഭാഷയാൽ വരുന്ന വീഴ്ച്ചകൾ സംഘടനയിൽ സ്വാഭാവികം എന്ന് സംഘാടകർ അറിഞ്ഞിരിക്കണം. അസ്വഭാവികസ്വരങ്ങൾ തിരിച്ചറിഞ്ഞ് സ്വാഭാവിക നിലയിലേയ്ക്ക് അവയെ മാറ്റി എഴുതുവാൻ കഴിയുന്നില്ലെങ്കിൽ സംഘടനകൾ സങ്കടങ്ങളായി തീരും.

അനേക തിക്താനുഭവങ്ങളുടെ വെളിച്ചത്തിൽ, ഒറ്റപ്പെടലുകളുടെയും, അനധികൃത അധികാരഹുങ്കുകളുടെയും ഇടപെടലുകൾ സഹിച്ചു മടുത്ത കാലത്ത് ഉരുത്തിരിഞ്ഞ ആശയം ആണ് പ്രചാരം. ലഭിച്ച വേദികളിൽ സ്വന്തം കൈയ്യൊപ്പ് ചാർത്തുവാൻ സാധിക്കുമായിരുന്നെങ്കിലും, മറ്റുള്ളവരുടെ അനാവശ്യം കൈക്കടത്തലുകൾ അസ്വാരസ്യങ്ങൾക്ക് ജന്മം നൽകുന്നതുകണ്ട് ഒരു പടി പുറകോട്ട് മാറി നിന്നവരിൽ ഉരുവായ, സമൂഹത്തിലെ ഉന്നതർക്ക് മാത്രം ലഭിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങൾ താഴെതട്ടിലെ അസാധാരണ അനുഭവസമ്പത്തുകൾ ഉള്ള സാധാരണക്കാരിലും എത്തിക്കണം എന്ന ലക്ഷ്യത്തിന്റെ പേരാണ് പ്രചാരം.

പ്രചാരം ഒരു പക്ഷെ ഒരു മാസികയിൽ മാത്രം ഒതുങ്ങിപോകുമായിരുന്നു. മൂന്നിൽ നിന്നും 19-ലേയ്ക്ക് എക്സിക്യൂട്ടിവുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ പ്രചാരത്തിന്റെ അർത്ഥതലങ്ങളും വളർന്നു. മാസത്തിൽ ഒരിക്കൽ വിരുന്നുവന്നിരുന്ന പ്രചാരം ഇന്ന് ദിവസവും അനുവാചകന്റെ വിരൽതുമ്പിന്റെ ക്ലിക്കിനായി മൊബൈലിൽ കാത്തിരിക്കുന്നു. സമൂഹനന്മയെ ലക്ഷ്യം ആക്കി ചെയ്തെടുക്കുവാൻ പദ്ധതി ഇട്ടിരിക്കുന്ന പണിപ്പുരയിലെ അനേകം പ്രോജക്ടുകൾ. കരുതലും പരിചരണവും ആയിരിക്കും പ്രചാരത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുഖമുദ്ര. കരുതലിൽ ഒരുവന് സ്വന്തം കാലിൽ നിൽക്കുവാനുള്ള കരുത്ത് നേടിക്കൊടുക്കുവാനും, പരിചരണത്തിൽ വേദനിക്കുന്നവന്റെ കണ്ണീരൊപ്പുവാനും, അവന്റെ മനസിന്റെ ഉൾക്കരുത്ത് വർദ്ധിപ്പിക്കുവാനും പ്രചാരം പ്രവർത്തകർ ഒരേ സ്വരത്തിൽ പ്രയത്നിക്കുന്നു.

പ്രചാരത്തിന്റെ ജനനം ഇൻഡ്യയിലും, യു.എ.ഇ.യിലുമായിട്ടായിരുന്നു. പിന്നത്തേതിൽ കടൽ കടന്ന് കാനഡയിലും, ഇപ്പോൾ സൂര്യൻ അസ്തമിക്കാത്ത പ്രശസ്ത സാമ്രാജ്യത്തിലേയ്ക്കും വേരുകൾ പടരുന്നു. യു. കെ.- യിലെ പ്രവർത്തകരും പ്രവർത്തനവും മുൻപേ സജ്ജമായിരുന്നുവെങ്കിലും, ഔദ്യോഗിക ഉത്ഘാടനം 2023 സെപ്തംബർ 10ന് നടക്കുവാൻ പോകുകയാണ്. ഇത് നമുക്ക് അഭിമാനനിമിഷവും, പ്രചാരത്തിന്റെ ചരിത്രതാളുകളിൽ തങ്കലിപിയിൽ കോറിയിടേണ്ട സുദിനവും ആകുന്നു.

വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യം, ജൻഡർ സമത്വം, സാമൂഹിക സുരക്ഷ, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളിൽ യു. കെ. ഏറെ മുന്നിലാണ്. ആ സാഹചര്യത്തോട് ഇണങ്ങിയ യു കെ യിലെ പ്രചാരം സഹകാരികൾ പ്രചാരം പ്രവർത്തനത്തിന് എന്നും മുതൽകൂട്ട് ആയിരിക്കും എന്നതിനു സംശയം ലവലേശം ഇല്ല. ദീർഘവർഷങ്ങളിലെ സ്നേഹബന്ധം ഇവരിൽ ചിലരുമായി ഉണ്ടെന്നതിൽ അഭിമാനം കൊള്ളുന്നു. പ്രശസ്തനായ അപ്പോളോജെറ്റിക്സ്  വർഗീസ് എം ശാമുവേൽ ഈ ഉദ്യമത്തിൽ ഞങ്ങൾക്കൊപ്പം കരം കോർക്കുന്നതിനാൽ പ്രചാരത്തിന്റെ പ്രശസ്തി വർദ്ധിക്കുന്നു എന്നതിന് രണ്ട് പക്ഷം ഇല്ല. യു എ ഇ-ൽ മുൻകാലങ്ങളിൽ ഒരുമിച്ചു നേരിട്ട പല അനുഭവങ്ങൾ കൈമുതലാക്കി യു. കെ യിൽ പ്രചാരത്തിന്റെ ശബ്ദം ആയി നിലകൊള്ളുന്ന ബ്രദർ പീറ്റർ ദാസ്, തുടങ്ങിയ വലിയൊരു ടീം -എല്ലാവരുടേയും പേരെടുത്തുപറയാൻ വിസ്താരഭയത്താൽ ഭയപ്പെടുന്നു - ഏവരും ഒരുപോലെ ഞങ്ങൾക്ക് വിലയേറിയ മുത്തുകൾ ആണ്. ഏവരും ഒന്നായി, ഒരേ ശബ്ദമായി സർവ്വവല്ലഭന്റെ നാമമഹത്വത്തിനായി പ്രയത്നിക്കുവാൻ ഇടയാവട്ടേ എന്ന് ആശംസിക്കുന്നു. പ്രത്യാശയുടെ വെളിച്ചം എന്ന ഈ പ്രോഗ്രാമിലൂടെ സർവ്വലോകത്തിന്റെയും പ്രത്യാശയുടെ വെളിച്ചമായവനിലേയ്ക്ക് ലോകത്തിന്റെ ശ്രദ്ധതിരിയേണ്ടതിനു നിങ്ങൾ നിതാനമാകുവാനായി പ്രാർത്ഥിക്കുന്നു.

ഇനിയും കാതങ്ങൾ ഏറെ താണ്ടുവാനുണ്ട് പ്രവർത്തിച്ചതിലും അധികം പ്രവർത്തിക്കാൻ ശേഷിക്കുന്നുണ്ട്. ആരുടേയും ബദലാകുകയോ, മത്സരിച്ച് ആരോടെങ്കിലും ജയിക്കുകയോ ചെയ്യുക എന്നത് നമ്മുടെ അജൻഡ അല്ല. ഏല്പിച്ചത് വിശ്വസ്തതയോടെ ചെയ്യുക, വിളിച്ചവന്റെ സൽഗുണങ്ങൾ ഘോഷിക്കുക മാത്രമല്ല, ആ ഗുണങ്ങൾ സ്വജീവിതചര്യ ആക്കുക. അനുവാചകർക്ക് ആ ഗുണങ്ങൾ തെളിവോടും മിഴിവോടും വായിച്ചറിയുവാൻ പറ്റുന്ന പത്രങ്ങളായി പ്രചാരവും, പ്രചാരം പ്രവർത്തകരും തീരുക, ഇതാണു നമ്മുടെ ലക്ഷ്യം. അതിനായി സർവ്വകൃപാലുവായവൻ സർവ്വമംഗളങ്ങളും നമ്മിൽ ചൊരിയട്ടെ.

Comment As:

Comment (0)