•   Monday, 25 Nov, 2024

ദൈവസഭയുടെ പ്രാർത്ഥനാ പുരുഷൻ ഇനി ആത്മമണവാളനൊപ്പം.

Generic placeholder image
  Pracharam admin

ർച്ച് ഓഫ് ഗോഡ് ഇൻഡ്യ കേരളാ സ്റ്റേറ്റിൻ്റെ മുൻഓവർസിയർ റവ. പാസ്റ്റർ കെ സി ജോൺ (74) നിത്യതയിൽ ചേർക്കപ്പെട്ടു. മുളക്കുഴ കുഴീപൊയ്കയിൽ കുടുംബാംഗമായ ജോൺ സാർ 2002 മുതൽ 2008 വരെ ചർച്ച് ഓഫ് ഗോഡ് ഇൻ  ഇൻഡ്യ കേരളാ സ്റ്റേറ്റിൻ്റെ ഓവർസിയറായി സേവനം അനുഷ്ടിച്ചിരുന്നതു കൂടാതെ മൗണ്ട് സിയോൻ ബൈബിൾ കോളെജിൻ്റെ എഡ്യുക്കേഷൻ ഡയറക്ടറായും അദ്ധ്യാപകനായും ശൂശ്രൂഷകൾ ചെയ്തിരുന്നു. കേരളത്തിൽ ഔദ്യോഗിക ചുമതലകൾ വഹിക്കുന്നതിനു മുൻപ് ദീർഘവർഷങ്ങൾ ചർച്ച് ഓഫ് ഗോഡ് തമിഴ്നാടിൽ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.


കേരളത്തിലെ ഔദ്യോഗിക പദവിയിൽ നിന്നും വിടുതൽ നേടിയ ശേഷം അദ്ദേഹത്തിൻ്റെ പ്രവർത്തന മികവും ആത്മീയ നിലവാരവും കണക്കിലെടുത്ത് അന്തർദ്ദേശിയ നേതൃത്വം അദ്ദേഹത്തെ ഓൾ ഇൻഡ്യ റെപ്രസെൻ്റേറ്റീവ് ആയി നിയമനം ചെയ്തിരുന്നു. ഇടക്കാലത്ത്, തമിഴ്നാടിലും, കേരളാ റീജിയനിലും ഓവർസിയർ പദവിൽ താത്ക്കാലികമായി സേവനം ചെയ്തിട്ടുണ്ട്.
മണിക്കൂറുകൾ സഭയ്ക്കും, ശുശ്രൂഷകർക്കുമായി ഇടുവിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്ന ഈ ദൈവഭൃത്യനെ ദൈവസഭയുടെ പ്രാർത്ഥനാ മനുഷ്യൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വേർതിരിവും, സ്വജനപക്ഷപാതവും ഇല്ലാതെ എല്ലാവരേയും ഒരുപോലെ കരുതിയിരുന്ന ഇദേഹം ദൈവസഭയുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു. സുവിശേഷകർക്ക് ഓവർസിയർ തിരഞ്ഞെടുപ്പിൽ പങ്കാളിത്തം ഇല്ലാതിരുന്നതിനാൽ മാത്രം ഓവർസീയർ പദവി നഷ്ടപ്പെട്ട, സഭാരാഷ്ട്രിയം ഇല്ലാത്ത ദൈവസഭയുടെ വിരലിൽ എണ്ണാവുന്ന നേതാക്കളിൽ ഒരാളായിരുന്നു ജോൺ സാർ. ദൈവസഭയുടെ നൂറു വർഷ ചരിത്രത്തിൽ അവശേഷിക്കുന്ന ഏക ചാരിറ്റി പ്രവർത്തനമായ മൗണ്ട് കാർമേൽ ചിൽഡ്രൻസ് ഹോം ജോൺ സാറിൻ്റെ പ്രയത്നഫലമായി ആരംഭിച്ചതായിരുന്നു. ദൈവസഭയ്ക്ക് മലബാർ മേഖലയിൽ മേൽവിലാസം ഉണ്ടാകുവാൻ കാരണം ഈ ദൈവഭൃത്യൻ ആയിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനുപരി സഹജരോട് സഹാനുഭൂതിയും, കഷ്ടത അനുഭവിക്കുന്നവൻ്റെ കണ്ണുനീരൊപ്പുന്നതുമായിരുന്നു തൻ്റെ പ്രവർത്തന ശൈലി.


ദൈവസഭയുടെ ബെഥേൽ ബൈബിൾ സ്കൂൾ മുൻഅദ്ധ്യാപികയും, ലേഡീസ് മിനിസ്ട്രിയുടെ മുൻപ്രസിഡൻ്റും, തിരുവല്ല മഠത്തിൽപറമ്പിൽ കുടുംബാംഗവുമായ സിസ്റ്റർ ഗിഫ്റ്റി ജോൺ ആണ് സഹധർമ്മിണി. സാമുവേൽ (ന്യൂസിലാൻ്റ്), സ്നേഹ (യു.എസ്സ്) സ്മിത (ഓസ്ട്രേലിയ) സെറിൻ (കൊച്ചി)  പരേതനായ സജീവ് എന്നിവർ മക്കളും, ജിക്കു  (ന്യൂസിലാൻ്റ്), ജെയിംസ് (യു.എസ്സ്), സജു (ഓസ്ട്രേലിയ), ജോൺ ഐസക്ക്   (കൊച്ചി)  എന്നിവർ മരുമക്കളും,  ജനിസസ്സ്, നേതൻ, സോയി, ക്രിസ്റ്റ്യൻ, കാതറിൻ, എട്രിയൽ, അട്രിയൽ, തിമോത്തി എന്നിവർ കൊച്ചുമക്കളും ആണ്.


ദേഹാസ്വസ്ഥതകളെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ്  ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ജോൺ സാർ 22-08-2023, ചൊവ്വാഴ്ച്ച 4:30ന് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. 


സംസ്ക്കാര ശുശ്രുഷകൾ 29-08-2023 ചൊവ്വാഴ്ച്ച കോഴഞ്ചേരിയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച്, മുളക്കുഴയിൽ ചർച്ച് ഓഫ് ഗോഡ് കേരളാസ്റ്റേറ്റ് ആസ്ഥാനത്ത് ക്രമീകരിക്കുന്ന പൊതുദർശനത്തിനു ശേഷം, മുളക്കുഴയിലുള്ള സഭാവക സെമിത്തേരിയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ, ജോൺ സാർ ദൈവസഭയ്ക്ക് ചെയ്ത സേവനങ്ങളെ കണക്കിലെടുത്ത് എല്ലാവിധ ബഹുമാനാദരവോടും കുടെ നടക്കുമെന്ന് ഔദ്യോഗികവൃന്ദങ്ങൾ അറിയിച്ചു.

Comment As:

Comment (0)