യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ കൂടുതലും ഇന്ത്യക്കാര്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54% വര്‍ധനവ്
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ യുകെയില്‍ ഇന്ത്യക്കാരുടെ തള്ളിക്കയറ്റം. 2023ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യുകെ അറിയിച്ചു. നേരത്തെ ചൈനീസ് വിദ്യാര്‍ത്ഥികളായിരുന്നു എണ്ണത്തില്‍ മുന്നില്‍. 2023 ജൂണ്‍ വരെയുള്ള സ്റ്റഡി വിസയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
2019 ജൂണിന് ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി ഗ്രാന്റുകളില്‍ ഏഴ് മടങ്ങ് വര്‍ധനവുണ്ടായിയെന്നും യുകെ ഗവണ്‍മെന്റിലെ ആഭ്യന്തര ഓഫീസ് വ്യക്തമാക്കി. 2022 ജൂണില്‍ 92,965 ഇന്ത്യന്‍ സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് ഒറ്റവര്‍ഷം കൊണ്ട് 54 ശതമാനം വര്‍ധന ഉണ്ടായത്.
യുകെയിലെ മൊത്തം വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്. നൈജീരിയ, പാകിസ്താന്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ആശ്രിത വിസകളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമതാണ്, നൈജീരിയാണ് അക്കാര്യത്തിൽ ഇൻഡ്യയ്ക്ക് മുന്നില്‍.