ഇടുക്കിയിൽ കുഷ്ഠ രോഗവും, മന്തും സ്ഥിരീകരിച്ചു
കേരളം തുടച്ചുനീക്കിയ കുഷ്ടരോഗം കരുണാപുരത്ത് സ്ഥിതികരിച്ചു. ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സ്ത്രീ തൊഴിലാളി ജാർഖണ്ഡ് സ്വദേശിനിക്കാണ് അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർക്കൊപ്പമുള്ള എട്ട് വയസുകാരിയും മറ്റ് ആറ് പേരും നിരീക്ഷണത്തിലാണ്. ഇവിടെ തന്നെ ജോലി ചെയ്യുന്ന മാറ്റാരു സ്ത്രീ തൊഴിലാളിയ്ക്കും രോഗം സ്ഥിരീകരിച്ചതായാണ് സൂചന.
രോഗം സ്ഥിരീകരിച്ച സ്ത്രി കഴിഞ്ഞ മൂന്ന് വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നുവെങ്കിലും രോഗം കണ്ടുപിടിക്കാനായില്ലായിരുന്നു. സ്പർശന ശേഷി ഇല്ലാതായതിനെ തുടർന്നാണ് ഇവർ ആശുപതികളിൽ ചികിത്സ തേടിയത്. അഞ്ച് വർഷമെങ്കിലും പഴക്കമുള്ളതാണ് ഇവരുടെ രോഗമെന്നാണ് പ്രാഥമിക നിഗമനം. കരുണാപുരം പഞ്ചായത്തിൽ തന്നെ അല്ലിയാർ ഭാഗത്ത് ആറ് മാസത്തിനുള്ളിൽ ആറ് പേർക്ക് മന്ത് രോഗം സ്ഥിതികരിച്ചിട്ടുണ്ട്. ഇവർ എല്ലാവരും തന്നെ ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളാണ്.
രോഗത്തിന്റെ ഉറവിടം തേടിയുള്ള ആരോഗ്യ വകുപ്പിന്റെ സർവ്വേയിൽ സമാന സ്വഭാവമുള്ള കൂടുതൽ കേസുകൾ കണ്ടെത്തിയതായാണ് വിവരം. കുഷ്ഠരോഗംവായുവിലൂടെ പകരുന്നതായതിനാൽ കൂടുതൽ പേരിലേയ്ക്ക് പകർന്നിട്ടുണ്ടോ എന്ന് ആരോഗ്യ വകുപ്പ് കൂടുതൽ പഠനം നടത്തിവരുകയാണ്. ഇതിനായി പഞ്ചായത്തിലെ മുഴുവൻ അന്യ സംസ്ഥാന തൊഴിലാളികളേയും അടിയന്തിരമായി പരിശോധനയ്ക്ക് വിധേയമാക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ ആരോഗ്യ വകുപ്പ് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് ഉപയോഗിക്കുന്ന തോട്ടം ഉടമകൾ പഞ്ചായത്തിൽ വിവരം അറിയിക്കുകയും തൊഴിലാളികളെ ക്യാമ്പുകളിൽ എത്തിച്ച് പരിശോധന നടത്തണമെന്നുമാണ് ആരോഗ്യ വകുപ്പ നിർദേശിച്ചിരിക്കുന്നത്.
മൈക്രോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയാണ് കുഷ്ഠരോഗത്തിന് കാരണമാകുന്നത്. രോഗിയുമായുള്ള സമ്പർക്കത്തിൽ ശ്വാസത്തിലൂടെയാണ് രോഗം പകരുക. രോഗി തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന വായു ശ്വസിച്ചാൽ രോഗം പകരാം. രോഗാണു ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ നാലുമുതൽ ഏഴുവർഷം വരെയെടുക്കാം എന്നത് ഗൗരവം വർധിപ്പിക്കുന്നു.
ചർമത്തിൽ നിറം മങ്ങിയതും ചുവന്നതുമായ സ്പർശനശേഷി കുറഞ്ഞ പാടുകൾ, കട്ടിയുള്ള തിളങ്ങുന്ന ചർമം, കൈകാലുകളിലെ മരവിപ്പ്, ബലക്ഷയം, വൈകല്യങ്ങൾ, വേദനയില്ലാത്ത മാറാത്ത വൃണങ്ങൾ, ചുവന്ന് തടിച്ച ചെവി, തടിച്ച നാഡികൾ, ചർമത്തിലുണ്ടാകുന്ന കലകൾ, ചൂടും തണുപ്പും, മർദവും തിരിച്ചറിയാനാകാത്ത അവസ്ഥ, കാലുകളിലെ രോമം കൊഴിച്ചിൽ തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം