ലേബര്‍ കാര്‍ഡുള്ളവര്‍ക്ക് യുഎഇയില്‍ സൗജന്യ ദന്തചികില്‍സ
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ മിക്കതിലും ഉൾപ്പെടാത്ത ദന്തപരിചരണം തികച്ചും സൗജന്യമായി അജ്മാന്‍ സിറ്റിയിലെ അല്‍ ജുര്‍ഫില്‍ സ്ഥിതിചെയ്യുന്ന തുംബെ ഡെന്റല്‍ ഹോസ്പിറ്റല്‍ നിന്നും ലഭിക്കും. ദന്തപരിശോധന, ഡയഗ്‌നോസ്റ്റിക് എക്‌സ്‌റേ, ദന്തനിര ക്രമപ്പെടുത്തല്‍, പോളിഷിങ്, പല്ലിലെ ദ്വാരം അടയ്ക്കല്‍, റൂട്ട് കനാല്‍ ചികിത്സകള്‍, ലളിതമായ എക്‌സ്ട്രാക്ഷന്‍, പല്ല് പറിക്കല്‍, സ്ഥിരവും നീക്കംചെയ്യാവുന്നതുമായ പല്ലുകള്‍ വയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. സൗജന്യ ദന്തചികിത്സ ലഭിക്കുന്നതിന് അപ്പോയിന്റ്‌മെന്റ് ആവശ്യമില്ല. യോഗ്യത തെളിയിക്കാന്‍ രോഗി ലേബര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം മതി. തിങ്കള്‍ മുതല്‍ വെള്ളി വരെ ആശുപത്രി തുറന്നിരിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പതിവ് പ്രവര്‍ത്തന സമയം. അജ്മാനില്‍ നിന്നും മറ്റ്എമിറേറ്റുകളില്‍ നിന്നുമുള്ള 23,000 രോഗികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുംബെ ഡെന്റല്‍ ഹോസ്പിറ്റല്‍ സൗജന്യ ദന്തചികിത്സയുടെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്.