•   Sunday, 06 Oct, 2024

മരുന്നുമാറി കുത്തിവയ്പ്പെടുത്ത നേഴ്സിനെതിരെ നടപടി

Generic placeholder image
  Pracharam admin

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഏഴുവയസ്സുകാരിക്ക് മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ കുത്തിവെയ്ക്ക് നൽകിയ നഴ്‌സിനെതിരെ നടപടി. താൽക്കാലിക നിയമനം  വഴി ജോലി ലഭിച്ച നഴ്‌സിനെ ജോലിയിൽ നിന്നും പുറത്താക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് നടപടി.

അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരി പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയപ്പോഴാണ് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകിയത്. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും നഴ്സ് കുത്തിവയ്പെടുത്തത്. പനിബാധിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച ഒപിയിൽ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോൾ പനിയുടെ ഗുളിക കഴിക്കണമെന്നും പനി കുറയുമ്പോൾ രക്തപരിശോധന നടത്തണമെന്നും നിർദേശിച്ചു.
ഇതുപ്രകാരമാണു നഴ്സിങ് റൂമിലെത്തി ഡോക്ടറുടെ കുറിപ്പ് നൽകിയത്.

ഇതോടെ കുത്തിവയ്പ് റൂമിലേക്കു വരാൻ നഴ്സ് ആവശ്യപ്പെട്ടു. ഡോക്ടറുടെ ചീട്ട് കൊടുത്തപ്പോൾ തന്നെ തിരികെ നൽകി ഒപിയിൽ പോയി ചീട്ടെടുത്തു വരാൻ നഴ്സ് നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. ഇതിനായി കൗണ്ടറിലേക്കു പോയി വന്നപ്പോഴേക്കും കുട്ടിക്കു കുത്തിവയ്പു നൽകിയിരുന്നു. രക്തപരിശോധന നടത്താതെ കുത്തിവയ്പ് എടുത്തത് എന്തിനെന്നു ചോദിച്ചപ്പോൾ കുട്ടിയെ പൂച്ച കടിച്ചിട്ടല്ലേ വന്നതെന്നായിരുന്നു നഴ്സിന്റെ ചോദ്യം. തർക്കമായതോടെ ഡോക്ടർമാരെത്തി വാക്സീൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പൂച്ചയുള്ള വീടുകളിലുള്ളവർ ഇത്തരം വാക്സീൻ എടുക്കാറുണ്ടെന്നും അറിയിച്ചു. വാക്സീന്റെ ബാക്കി ഡോസുകൾ അടുത്ത ദിവസങ്ങളിൽ വന്ന് എടുക്കാനും നിർദേശിച്ചു. പൂച്ച മാന്തിയതുമായി ബന്ധപ്പെട്ടു കുട്ടിക്ക് ഇതിനു മുൻപ് വാക്സീൻ എടുത്തിട്ടുണ്ടെന്നും ആവശ്യമില്ലാതെ കുത്തിവയ്പ് നൽകിയതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വേറെ ആശുപത്രിയിൽ കൊണ്ടുപോകുമെന്നും വീട്ടുകാർ പറഞ്ഞു. പൂച്ച കടിച്ചതിനെ തുടർന്നു മറ്റൊരു കുട്ടി ഈ സമയം എത്തിയിരുന്നുവെന്നും 2 കുട്ടികളെയും തമ്മിൽ നഴ്സിനു മാറിപ്പോയതാണെന്നും പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.

Comment As:

Comment (0)