പരുക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കുന്നവരെ പ്രതി ആക്കരുത്: ഹൈക്കോടതി
കൊച്ചി: റോഡപകടങ്ങളിൽ പരുക്കേറ്റയാളുകളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസിൽ പ്രതിയാക്കിയാൽ പരുക്കേറ്റവർ റോഡിൽ രക്തം വാർന്നു മരിക്കുന്ന ദുഃസ്ഥിതി ആവർത്തിക്കുമെന്ന് ഹൈക്കോടതി. കോട്ടയം അതിരമ്പുഴ സ്വദേശി അലക്സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ കോട്ടയം എം. എ. സി. ടി. നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അലക്സാണ്ടർ കുര്യൻ്റെ മാതാവും ഭാര്യയും നൽകിയ ഹർജിയിൽ ജസ്റ്റിസ് സോഫി തോമസിന്റേതായിരുന്നു പരാമർശം. 2010ൽ കടുത്തുരുത്തിക്കു സമീപം അലക്സാണ്ടറുടെ ബൈക്ക് ഓട്ടോയിലിടിച്ചായിരുന്നു അപകടമുണ്ടായതെന്നും ഇൻഷ്വറൻസ് കമ്പനി 15ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ബന്ധുക്കൾ ഹർജിയിൽ ആാശ്യപ്പെട്ടത്. എന്നാൽ അപകടത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ച തന്നെ പൊലിസ് അന്യായമായി കേസിൽ പ്രതി ചേർത്തതാണെന്ന് ഓട്ടോഡ്രൈവർ കടുത്തുരുത്തി സ്വദേശി ബാബു ജോസഫ് വ്യക്തമാക്കിയതും, കേസിലെ മറ്റു വസ്തുതകൾ കൂടി കണക്കിലെടുത്തും എം. എ. സി. ടി. നഷ്ടപരിഹാരം നിഷേധിച്ചു. ഓട്ടോ ഡ്രൈവറെ പൊലിസ് പ്രതി ചേർത്തെങ്കിലും ഇയാൾ നൽകിയ പരാതിയിൽ തുടർ അന്വേഷണം നടത്തിയതിൽ നിന്നും ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു.