കൊവിഡ് വകഭേദം ഇ. ജി.5 ഖത്തറില്‍; ആശങ്കപ്പെടേണ്ടത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറില്‍ കോവിഡ്-19ൻ്റെ പുതിയ വേരിയന്റായ ഇ.ജി.5 ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശങ്കപ്പെടാനില്ലെന്നും ആദ്യ കേസ് രേഖപ്പെടുത്തിയതു മുതല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പരിമിതമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരെയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വിശദീകരിച്ചു.
ഖത്തറിലെ ആരോഗ്യസ്ഥിതി ഭദ്രമാണെന്നും പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുതിയ കൊറോണ വൈറസ് വേരിയന്റ് ഖത്തറില്‍ സ്ഥിരീകരിച്ചത് സംബന്ധിച്ച ആദ്യത്തെ പൊതു പ്രഖ്യാപനമായിരുന്നു ഇത്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ മാസം ആദ്യമാണ് ഇ.ജി.5 നെ പുതിയ കൊവിഡ് വകഭേദമായി പ്രഖ്യാപിക്കുന്നത്. ലോകത്തിന്റെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വര്‍ധിച്ചതിനാല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡബ്ല്യു.എച്ച്ഒയുടെ അഭിപ്രായത്തില്‍ ഫെബ്രുവരിയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റിന്റെ മറ്റൊരു പതിപ്പാണ് ഇ.ജി.5.