പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി: ചർച്ചകൾ കൊഴുക്കുന്നു.
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു എങ്കിലും പിന്നീട് അദ്ദേഹം അത് തിരുത്തി. കുടുംബവുമായി ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിനിടയിൽ രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ച് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ തൻ്റെ നിലപാട് വ്യക്തമാക്കി. സഹോദരന്‍ ചാണ്ടി ഉമ്മന്‍ യോഗ്യനാണെന്നും പാര്‍ട്ടിയാണ് ഇത് സംബന്ധിച്ചെല്ലാം തീരുമാനമെടുക്കേണ്ടതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു. "ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള ആളാണ്. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ആര് സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷേ ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. ഇതില്‍ ഒരു വ്യക്തത വരുത്തുകയാണ്" അച്ചു ഉമ്മന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇത്ര നേരത്തെ വേണ്ടിയിരുന്നില്ല. കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചാൽ, പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അംഗീകരാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.