അന്തരിച്ച മുഖ്യമന്ത്രിയോട് അനാദരവ് കാണിച്ചതായി ആക്ഷേപം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് അനാദരവ് കാണിച്ചതായി പരാതി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിന് ശേഷവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ, വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതിന് ശേഷവും പഠനം പൂർത്തിയാക്കിയ ഹൗസ് സർജൻമാരുടെ യാത്രയയപ്പ് ചടങ്ങ് ആഘോഷപൂർവ്വം നടത്തിയെന്നാണ് ആരോപണമുയരുന്നത്. പരിപാടിക്കിടെ ലഹരി ഉപയോഗം നടന്നതായും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലിസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് പ്രാദേശിക കോൺഗ്രസ് കമ്മിറ്റി.
ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ ദുഖാചരണമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഈ ദിവസങ്ങളിൽ പൊതുപരിപാടികളോ ഔദ്യോഗിക പരിപാടിക നടത്തുന്നതിന് വിലക്കുമുണ്ടായിരുന്നു. ഇത് മറികടന്നാണ് സർക്കാർ മെഡിക്കൽ കോളജിൽ ആഘോഷം സംഘടിപ്പിച്ചത്.