അവയവദാനത്തിന്റെ പേരിൽ രോഗികളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ
കൊച്ചി അവയവദാനം നൽകാൻ എന്ന പേരിൽ രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും പണം തട്ടിയ യുവാവ് പോലീസ് പിടിയിലായി. കാസർഗോഡ് ബലാൽ വില്ലേജ് പാറയിൽ വീട്ടിൽ സബിൻ പി കെ (25) ആണ് ചേരാനല്ലൂർ പോലീസിന്റെ പിടിയിൽ ആയത്. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കരൾ തകരാറിലായി ചികിത്സയിലായിരുന്ന വ്യക്തി സഹായത്തിനായി സോഷ്യൽ മീഡിയയിൽ നൽകിയ പോസ്റ്റ് കണ്ടാണ് സബിൻ ഇത്തരത്തിലുള്ള തട്ടിപ്പിന് തുടക്കം കുറിച്ചത്. തുടർന്ന് സബിൻ രോഗിക്ക് കരൾ നൽകാമെന്ന് പറഞ്ഞ് രംഗത്ത് എത്തി. രക്ത പരിശോധന നടത്തണമെന്ന് രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ സാബിന്റെ രക്തഗ്രൂപ്പ് വേറെ ആയതിനാൽ രോഗിയുമായി ചേരുന്ന രക്ത ഗ്രൂപ്പുള്ള സാബിന്റെ സുഹൃത്തിനെ ലാബിൽ അയച്ച് സബിൻ എന്ന റിപ്പോർട്ട് സംഘടിപ്പിക്കുകയും രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രോഗിയുടെ ബന്ധുക്കളിൽ നിന്ന് പണം തട്ടിയെടുത്തത്. ഇതുകൂടാതെ രണ്ട് കിഡ്നിയും തകരാറിലായ മറ്റൊരു രോഗിക്ക് കിഡ്നി നൽകാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പും ആയി ചേർന്നു പോകുന്ന രക്ത ഗ്രൂപ്പ് അടങ്ങിയ ബയോഡേറ്റ വ്യാജമായി നിർമ്മിച്ച് രോഗിയിൽ നിന്ന് പണം അപഹരിച്ചിട്ടുണ്ട്. സബിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പണം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉള്ളതായി പോലീസ് അധികാരികൾ പറയുന്നു