•   Monday, 25 Nov, 2024

ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ പുതിയ കമ്മിറ്റി

Generic placeholder image
  Pracharam admin

തിരുവനന്തപുരം: ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയേക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തോളമാകാറാകുമ്പോഴാണ് ശിപാർശകൾക്കായി പുതിയ സമിതിയെ നിയോഗിക്കുന്നത്. പൊതുഭരണ വകുപ്പു സെക്രട്ടറി, ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കമ്മിറ്റി ഓരോ രണ്ടാഴ്‌ച കൂടുമ്പോഴും യോഗം ചേർന്ന് ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തണം.

ഇതിനായി  ഒരു പ്രവർത്തന പദ്ധതിക്കു രൂപം നൽകണമെന്നു സർക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകൾക്കു മുൻഗണന നൽകണമെന്നും ഒരു മാസത്തിനകം മന്ത്രിസഭായോഗത്തിനു പരിഗണിക്കാൻ കഴിയുന്ന തരത്തിൽ ആദ്യഘട്ട ശിപാർശകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം മേയിൽ ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സ്വീകരിച്ച നടപടികൾ ഉൾപ്പെടെ കാട്ടി നിയമസഭയിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മന്ത്രിസഭായോഗവും പരിഗണിച്ചിട്ടില്ല. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നു വന്നതിനെ തുടർന്നാണ് ഇപ്പോൾ ശിപാർശകൾ നൽകുന്നതിനായി കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ട് അഭിപ്രായം അറിയിക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ നാളിതുവരെയായിട്ടും സർക്കാർ വകുപ്പുകൾ പ്ര തികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്

Comment As:

Comment (0)