മക്കളോട് സംസാരിക്കുക
ധ്യാന ചിന്ത
വായന ഭാഗം: ആവർത്തനപുസ്തകം 6: 4-9
4. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
5. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
6. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
7. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
8. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
9. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.
ചിന്താഭാഗം: ആവർത്തനപുസ്തകം 6: 7
നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ഓരോ ശിശുവും ഏതാനും പാരമ്പര്യ സ്വഭാവങ്ങളുമായി ഒരു പ്രത്യേകമായ സാമൂഹിക, സാമ്പത്തിക, വൈകാരിക ചുറ്റുപാടിലേക്കാണ് പിറന്നു വീഴുന്നത്. പിന്നീട് ആ ശിശു അധികാരപ്പെട്ടവരിലൂടെ ക്രമേണ പരിശീലനം നേടുന്നു. കുഞ്ഞുങ്ങൾക്ക് കുടുംബത്തിൽ നിന്ന് ആത്മീയ ബോധ്യം, ദൈവ വിശ്വാസം, സത്യസന്ധത, അച്ചടക്കം, നന്മയിലുള്ള വിശ്വാസം, ദയ തുടങ്ങി ഒട്ടനവധി മൂല്യങ്ങൾ കിട്ടുന്നു. ബാല്യത്തിൽ ഇവർക്ക് പകർന്നുകിട്ടുന്ന ഈ മൂല്യങ്ങളാണ് ഭാവികാല ജീവിതത്തിൽ ഏറ്റവുമധികം സംഭാവന നൽകുന്നത്.
പല മഹാന്മാരുടെയും ജീവചരിത്രത്തിൽ അവരുടെ മാതാപിതാക്കന്മാരുടെ സ്വാധീനം വിവരിച്ചിട്ടുണ്ട്. നമ്മുടെ മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ശ്രീ.എ.പി.ജെ. അബ്ദുൾകലാം തന്റെ 'അഗ്നിച്ചിറകുകൾ' എന്ന ആത്മകഥയിൽ തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. "സങ്കീർണ്ണമായ ആത്മീയതത്ത്വങ്ങൾ അതീവ ലളിതമായ തമിഴിൽ പറഞ്ഞു തരുവാൻ എന്റെ പിതാവിന് കഴിവുണ്ടായിരുന്നു". "ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുമായ എന്റെ ലോകത്ത് ജീവിതകാലം മുഴുവൻ എന്റെ പിതാവിനെ അന്ധമായി അനുകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്".
എന്നാൽ ഇന്ന്, ഈ തിരക്കേറിയ ജീവിതത്തിൽ കുടുംബത്തിന് വേണ്ടി കൂടുതൽ സ്വരുക്കുട്ടുവാൻ ഓടുമ്പോൾ മാതാപിതാക്കൾക്ക് നഷ്ടമാകുന്നത് ഒന്നുണ്ട്, സംസാരം. അവർ കുഞ്ഞുങ്ങൾക്ക് എല്ലാം കൊടുക്കും - അവരോടൊത്തുള്ള ഗുണനിലവാരമുള്ള സമയം ഒഴിച്ച്.
ദൈവ വചനം നമുക്ക് ഉപദേശിച്ചു തരുന്നത് ;
ഞാനിന്നു കല്പിക്കുന്ന ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. (ആവർത്തനപുസ്തകം 6:6,7. POC ബൈബിൾ)
നമ്മൾ ചിലപ്പോൾ നല്ല ആശയവിനിമയം ചെയ്യുവാൻ കഴിവുള്ള കുട്ടികളെ കണ്ടട്ടില്ലേ? തീർച്ചയായും അവരുടെ മാതാപിതാക്കളുടെ പങ്ക് നാം വിസ്മരിക്കരുത്. ആശയവിനിമയം ചെയ്യുവാനുള്ള കഴിവു കുട്ടികളിൽ വളരുന്നത് മുതിര്ന്നവരുമായുള്ള സംസാരത്തിലാണ്. മാതാവും പിതാവുമാണ് ഒരു കുട്ടിയുടെ മികച്ച അധ്യാപകര്.
ദൈവം കുടുംബത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്, സത്യ വേദപുസ്തകത്തിലൂടെ ദൈവം കല്പിക്കുന്ന ഉപദേശങ്ങൾ പ്രമാണിക്കുവാൻ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന ഒരു സ്ഥലമായിട്ടാണ്.
നമ്മുടെ കുഞ്ഞുങ്ങൾ മറ്റുള്ളവർ നടക്കുന്ന വഴിയിൽ അല്ല, പ്രത്യുത ദൈവം പറഞ്ഞ വഴിയിലൂടെ നടക്കുവാൻ നാം അവരെ പറഞ്ഞു പഠിപ്പിക്കേണം.
ദൈവവചനം ഇപ്രകാരം പറയുന്നു;
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.(സദൃശ്യവാക്യങ്ങൾ 22:6)
ഇങ്ങനെ നാം അവരെ പഠിപ്പിച്ചാൽ ഭാവിയിൽ നമുക്ക് സന്തോഷിക്കാൻ ഇടവരും.
സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല. (2 യോഹന്നാൻ 3,4)
പാസ്റ്റർ സാം അടൂർ