•   Sunday, 07 Jul, 2024

ചരിത്രം തിരുത്തുന്നവർ!!!

Generic placeholder image
  Pracharam admin

വായന ഭാഗം: രൂത്ത്  1: 1- 22, മത്തായി 1: 1-16
ചിന്താഭാഗം: മത്തായി 1:5
ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു;

നിങ്ങൾ ബൈബിളിലെ വംശാവലികൾ വായിച്ചിട്ടുണ്ടോ ? യഥാർത്ഥത്തിൽ ബൈബിൾ വായനയിൽ ഏറ്റവും മടുപ്പിക്കുന്ന ഭാഗങ്ങൾ ആണ് ഇവ. ഇത് വായിക്കുന്നത് ഉറക്കമില്ലായ്മ എന്ന രോഗത്തിന്  പറ്റിയ മരുന്നാണിത്.


ഇവ മടുപ്പിക്കുന്ന ഭാഗങ്ങളാണെങ്കിലും ചരിത്ര സത്യങ്ങളാണിത് . ദാവീദിൻറെ ഗോത്രത്തിൽ കൂടെ വരുന്ന യേശു, മശിഹ തന്നെയെന്നു തെളിയിക്കുന്ന ചരിത്ര രേഖകളാണ്  ഇവ.

ഇതിൽ ചിന്തനീയമായ വിഷയം ഈ വംശാവലികളിൽ സ്ത്രീകൾ ഉണ്ടെന്നാണ്. കാരണം പ്രാചീന വംശാവലികളിൽ സ്ത്രീകളുടെ പേരുകൾ പരാമർശിക്കാറില്ല. എന്നാൽ യേശുവിൻറെ വംശാവലിയിൽ നാലു സ്ത്രീകളുടെ പേരുണ്ട്. അതും ഒരിക്കലും പേര്  വരുവാൻ സാദ്ധ്യത ഇല്ലാത്ത കദന കഥകളുടെ ചരിത്രം പേറുന്ന നാലു സ്ത്രീകൾ!
ഇതിൽ ഒരാളാണ് രൂത്ത്. യഹൂദനായ ഒരാൾ അന്യ ജാതിക്കാരെ വിവാഹം കഴിക്കരുത് എന്ന നിയമത്തെ തെറ്റിച്ച കളഞ്ഞ മോവാബുകാരി.
എന്നിട്ടും ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ വംശാവലിയിൽ ഇവരുടെ പേരുകൾ  ദൈവം എഴുതി ചേർത്തു. അത് ദൈവം തൻറെ പദ്ധതിക്കായി നമ്മുടെ പാപങ്ങൾ, തെറ്റുകൾ ക്ഷമിക്കും എന്നതിന്റെ ഉത്തമ തെളിവാണ് .
ഞാൻ നിങ്ങളോടെ ഇപ്പോൾ ആവശ്യപ്പെടുന്ന ഒരു കാര്യം, ഒരു നിമിഷം നിങ്ങൾ കഴിഞ്ഞ കാലത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റുകൾ, താങ്ങളെ ലജ്ജിപ്പിക്കുന്ന വലിയ പാപങ്ങൾ ഒന്ന് ചിന്തിക്കുക.
ശേഷം മനസിലാക്കുക, താങ്ങൾ ജനിക്കുന്നതിനു മുൻപേ ദൈവത്തിനു ഇവ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമെന്ന്  അറിയുമായിരുന്നു. അവയിൽ നിന്ന്  നിങ്ങളെ പുറത്തു കൊണ്ടുവന്നു ഏറ്റവും നല്ലത്  ജീവിതത്തിൽ സംഭവിക്കാൻ ദൈവം ഒരു പദ്ധതിയും കരുതിയിട്ടുണ്ട് .
ഹല്ലെലുയ്യാ, നാം ആരാധിക്കുന്ന ദൈവം എത്ര നല്ലവനാണ്.
ഒരു ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ നാം ചെയ്ത നമ്മുടെ തെറ്റുകൾ മറച്ച് വെക്കേണ്ടതോ, അവയെ ന്യായികരിക്കയോ അല്ല വേണ്ടത് , പകരം ദൈവ മുൻപാകെ എല്ലാം തുറന്നു പറഞ്ഞു സമ്പൂർണ വിടുതൽ നേടുകയാണ് വേണ്ടത്. കാരണം ദൈവം നമ്മെ സ്നേഹിക്കുന്നു, നമ്മിൽ കൂടെ ഒരു വലിയ പ്രവർത്തി നടത്തുവാൻ ദൈവത്തിനു പദ്ധതിയുണ്ട് .
ദൈവ വചനം പറയുന്നു;
റോമർ 8:28
എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

രൂത്ത് ചരിത്ര ഭാഗമാവുന്നതു, തന്റെ ജീവിതത്തിലെ വിഷമഘട്ടത്തിൽ എടുത്ത് ഒരു  ഉറച്ച തീരുമാനവും അതിന്റെ അനന്തര സംഭവവുമാണ്. എങ്കിൽ, പ്രിയ സുഹൃത്തെ, കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്തു,  ചില ആത്മീക പ്രതിജ്ഞകളിൽ ജീവിതത്തെ പണിയപ്പെടുത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പാസ്റ്റർ സാം അടൂർ

Comment As:

Comment (0)