പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ!
വായനാ ഭാഗം: സങ്കീർത്തനങ്ങൾ 55:1-8
ചിന്താ ഭാഗം: സങ്കീർത്തനങ്ങൾ 55:1-8, പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.
എല്ലാവർക്കും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ട്. അത് ഓരോത്തർക്കും വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം. അവയോടുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വങ്ങളെ വിലയിരിത്താം. ബാലിശമായതും പക്വതയുള്ളതുമായ തീരുമാനങ്ങൾ ഏതെന്ന് അവിടെ നമുക്ക് മനസിലാക്കാം.
പ്രശ്നങ്ങളോ പ്രതിസന്ധികളോ ജീവിതത്തിൽ നേരിടുമ്പോൾ അവയെ മൂന്നു വിധത്തിൽ പ്രതികരിക്കാമെന്ന് ഞാൻ എവിടേയോ വായിച്ചതു ഓർക്കുന്നു. അവ ഇങ്ങനെയാണ്; ഓടിപ്പോവുക (Flee it), വിസ്മരിക്കുക (Forget it), നേരിടുക (Face it). ഓടിപ്പോകുന്നവരാണ് അധികം. അതിനു ഇംഗ്ലീഷിൽ escapism എന്ന് പറയും. ഏതെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ വീട് വിട്ടു പോകുന്നവരെ നാം കാണാറില്ലേ. പ്രശ്നം മറക്കുവാനുള്ള ഉദ്ദേശത്തോടെ മദ്യപാനത്തിന്റെ വഴി തിരെഞ്ഞെടുക്കുന്നവരുമുണ്ട്.
ചിലർ സ്വപ്ന ലോകത്തേക്ക് പലായനം ചെയ്യുന്നു. യാഥാർത്ഥ്യങ്ങളെ നേരിടാതെ സങ്കല്പ ലോകത്തിൽ ചരിച്ച് ദിവാ സ്വപ്നങ്ങളിൽ മുഴുകിക്കഴിയാൻ താൽപര്യപ്പെടുന്നു. നമ്മുടെ കുറി വാക്യത്തിൽ ദാവീദും അപ്രകാരം ചിന്തിക്കുന്നു. പലപ്പോഴും ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ, എല്ലാ വഴികളും അടയുന്നു എന്ന് അറിയുമ്പോൾ ഒരു ഒളിച്ചോട്ടം നമ്മളിൽ പലരും ചിന്തിച്ചിട്ടില്ലേ?
ജീവിതത്തിൽ ഈ ഒറ്റപ്പെടൽ, ഏകാന്തമായ അനുഭവങ്ങൾ വരുമ്പോൾ ദൈവം കൂടെയുണ്ടന്ന് ആദ്യം മനസിലാക്കുക. ദൈവ വചനത്തിൽ അപ്പോസ്തോലനായ പൌലോസ് തന്റെ അനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ്.
"എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ. കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകലജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു". (1 തിമൊഥെയൊസ് 4: 16,17)
ജീവിതത്തിൽ അനാഥമായ അവസ്ഥയിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് , ദൈവം എവിടെ? ദൈവം നമ്മുടെ ചാരെയുണ്ട്, നാം അത് തിരിച്ചറിയുന്നില്ലെങ്കിലും. അവിടുന്നു നമുക്ക് ഉറപ്പ് തരുന്നു;
"ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്തായി 28: 20).
ഏകാന്തത - ദൈവ സാന്നിദ്ധ്യം തിരിച്ചറിയാൻ പറ്റിയ സമയമാണ്. ദൈവത്തിൽ മാത്രം ദൃഷ്ടി പതിപ്പിക്കുവാൻ പറ്റിയ സമയം. ആ അവസ്ഥക്ക് ഉചിതമായ മറുമരുന്നു പ്രാർത്ഥനയാണ്. ദിവസത്തിന്റെ 24 മണിക്കുറും തുറന്ന കണ്ണും, കാതുമായി ദൈവം നമുക്ക് അരികിലുണ്ട് (സങ്കീർത്തനങ്ങൾ 34:15). നിങ്ങൾക്ക് ഏതു സമയത്തും, ഏതു സ്ഥലത്തു വച്ചും ദൈവത്തോട് തുറന്നു പറയുവാൻ കഴിയും. "ദൈവമെ, ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു, ഞാൻ മുറിവേറ്റിരിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുന്നു, ദൈവമെ എന്നെ സഹായിക്കണേ..", ദൈവം നമ്മുടെ പ്രാർത്ഥന കേട്ട്, സാഹചര്യം അറിഞ്ഞു പ്രവർത്തിക്കുവാൻ സർവ്വശക്തനാണ് .
ദാവീദു വേറൊരു സങ്കീർത്തനത്തിൽ ഇപ്രകാരം പറയുന്നു; " നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? (സങ്കീർത്തനങ്ങൾ 139:7)
എവിടെയ്ക്കും പോകുവാൻ കഴിയുകയില്ല, കാരണം, ദൈവ സാന്നിദ്ധ്യം ഇല്ലാത്ത ഒരു സ്ഥലവും ഭൂമിയിൽ ഇല്ല. താങ്കൾ കർത്താവായ യേശു ക്രിസ്തുവിൽ ആശ്രയിക്കുന്ന ആളാണോ? എങ്കിൽ കർത്താവു താങ്കളോട് ഒപ്പമുണ്ട്. ആ തിരിച്ചറിവിൽ മുൻപോട്ട് നീങ്ങുവാൻ ദൈവം താങ്ങളെ സഹായിക്കുമാറാകട്ടെ.
പാസ്റ്റർ സാം അടൂർ