•   Saturday, 05 Oct, 2024

ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു

Generic placeholder image
  Pracharam admin

ദുബായ്: ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് വീണ്ടും തുടരുന്നു. ഇന്ന് ചൊവ്വാഴ്ച വിപണികള്‍ തുറന്നപ്പോള്‍ യു.എ.ഇ. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് നേരിയ ഇടിവുണ്ടായി. ഇന്ത്യന്‍ കറന്‍സി രാവിലെ 9 മണിക്ക് ഡോളറിന് 81.69 (യുഎഇ ദിര്‍ഹത്തിനെതിരെ 22.26) എന്ന നിലയിലാണ് വ്യാപാരം നടന്നത്. 0.12 ശതമാനം ഇടിവാണിത്.

എന്നാല്‍, ഏഷ്യന്‍ കറന്‍സികളിലെ ഉയര്‍ച്ചയുടെയും പോസിറ്റീവ് റിസ്‌ക് മൂഡിന്റെയും പശ്ചാത്തലത്തില്‍ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടായാല്‍ മെച്ചപ്പെടുമെന്നാണ് നിരീക്ഷണം.

ഏഷ്യന്‍ കറന്‍സികള്‍ കഴിഞ്ഞയാഴ്ചയില്‍ നിന്ന് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് യുവാന്‍ നേട്ടം കൈവരിച്ചപ്പോള്‍ ഡോളര്‍ സൂചിക 101.30ന് അടുത്തായി. ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ട് ദിവസത്തെ യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗിന്റെ ഫലത്തിനായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഫെഡറല്‍ തീരുമാനത്തിന് മുന്നോടിയായി, മൂന്നാം പാദം ആരംഭിച്ചപ്പോള്‍ യുഎസ് സമ്പദ്‌വ്യവസ്ഥ ഇപ്പോഴും വളരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഏപ്രില്‍-ജൂണ്‍ കാലയളവിനേക്കാള്‍ മന്ദഗതിയിലാണിത്.

ചൈനയുടെ വളര്‍ച്ചാ വീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയില്‍ യുവാന്റെ ഇടിവ് സമ്മര്‍ദ്ദത്തിലാക്കിയതോടെയാണ് മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കൊപ്പം ഇന്ത്യന്‍ രൂപയ്ക്കും കഴിഞ്ഞയാഴ്ച ഇടിവുണ്ടായത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അശുഭാപ്തിവിശ്വാസം കാരണമാണ് യുവാന്റെ മൂല്യശോഷണത്തിന് കാരണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിഞ്ഞ ശേഷം യുവാന്‍ ഇപ്പോള്‍ നില മെച്ചപ്പെടുത്തിവരികയാണ്. ചൈനയുടെ വളര്‍ച്ചാ വീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയില്‍ യുവാന്റെ ഇടിവ് സമ്മര്‍ദ്ദത്തിലാക്കിയതോടെ ഇന്ത്യന്‍ രൂപയ്ക്കും കഴിഞ്ഞയാഴ്ച ഇടിവുണ്ടായി.

ഡോളറിനെതിരേ 82 രൂപ എന്ന നിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യന്‍ രൂപയ്ക്ക് സാധിച്ചിട്ടില്ല. ഇന്ന് 81.69 ആണ് നിരക്ക്. ഇക്വിറ്റി ഇന്‍ഫ്‌ലോ ഉണ്ടായിരുന്നിട്ടും 82 രൂപ എന്ന നിരക്ക് നിലനിര്‍ത്തുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെടുകയായിരുന്നു. അതേസമയം, ഇന്ത്യന്‍ രൂപയുടെ ഇടിവ് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് നേട്ടമാവും. ഈ വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണെന്ന് നേരത്തേ വ്യക്തമായിരുന്നു.

Comment As:

Comment (0)