ധനവാൻ്റെ കത്ത്
പ്രീയ സഹോദരന്മാരേ,
ഈ കത്ത് നിങ്ങൾക്ക് അയക്കുന്നത് നിങ്ങളുടെ മൂത്തസഹോദരനായ ധനവാൻ ആണ്. ഞാൻ അവിടുന്നു ഇങ്ങോട്ട് വന്ന ഉടനെ നിങ്ങൾക്ക് ഈ കത്തയക്കുവാൻ ഒരു കാരണം ഉണ്ട്. അതെന്താണെന്നുള്ള ആകാംഷയിലാണെല്ലാവരും എന്ന് എനിക്കറിയാം. നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ ഞാൻ സ്വർഗ്ഗത്തിലെ സുഖസൗകര്യങ്ങൾ നുകർന്ന് നിത്യത അനുഭവിക്കുക അല്ല. ആരും കൊതിക്കുന്ന അടക്കശുശ്രൂഷയും, കർണ്ണരസമാർന്ന അനുശോചന സന്ദേശങ്ങളും എനിക്ക് ലഭിച്ചപ്പോൾ ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക് ഞാൻ എടുക്കപ്പെട്ടു എന്ന് നിങ്ങൾ എന്നല്ല, ആരും വിചാരിച്ചുപോകും. ഇത്രയും നല്ല മനുഷ്യൻ വേറെ ഇല്ല, അനാഥരെ സംരക്ഷിക്കുന്നതിലുള്ള ശുഷ്ക്കാന്തിക്ക് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട ലാസർ. ഈ പടിപ്പുര വാതിൽക്കൽ കിടക്കുവാൻ അവസരം നൽകി അവനെ സംരക്ഷിച്ചത് മാത്രം ചിന്തിച്ചാൽ മതി അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം അറിയാൻ സാധിക്കും. എന്നിങ്ങനെ എന്തെല്ലാം എന്തെല്ലാം. അതിനിടയ്ക്ക് ഞാൻ നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരൊക്കെയോ വാതോരാതെ വാചാലമായി പറയുന്നുണ്ടായിരുന്നു. ഇത്രയും വിശാലമനസ്കൻ നമ്മുടെ കുടുംബത്തിൽ എന്നെ പോലെ വേറെ ആരും ഇല്ലാ എന്നും, എന്റത്രയും വിശാലമനസ്കൻ ആരും ഇല്ലാ എന്നും കുടുംബയോഗക്കാർ പറഞ്ഞത് നിങ്ങളും കേട്ടാരിക്കുമല്ലോ അല്ലേ? നിത്യതയുടെ പൊൻപുലരിയിൽ അബ്രഹാം പിതാവിന്റെ മടിയിൽ എന്നെയും കാണാം എന്ന് വല്യ പാസ്റ്റർ ആശിർവാദിച്ചപ്പോൾ ജനമെല്ലാം ആമേൻ പറഞ്ഞത് ആത്മാർത്ഥമായാണെങ്കിലും വെറുതെ ആയിപോയി എന്ന് പറയേണ്ടി വരുന്നതിൽ ഞാൻ അതിയായി വ്യസനിക്കുന്നു.
ഞാൻ ചെയ്ത നന്മപ്രവർത്തികളെല്ലാം കറപുരണ്ട തുണിപോലെ ആയി പോയി. എനിക്ക് വിധിച്ചത് നരകമായിരുന്നു. ഭൂമിയിലെ എന്റെ സ്വത്തുക്കളും സുഖസൗകര്യങ്ങളും, എന്റെ ഭാര്യ, മക്കൾ, സഹോദരങ്ങൾ, സുഹൃത്ത് വലയം ഒക്കെ ഹൃദയസ്തംഭനത്തിൻ്റെ രൂപത്തിൽ മരണം എന്നെ മാടി വിളിച്ചപ്പോൾ, വിട്ടു കൊടുക്കാൻ തരിമ്പും തയ്യാറാക്കാതെ മല്ലു പിടിച്ചു നിന്ന എന്നെ, ഞാൻ റോട്ടറി ക്ലബ്ബിനു വാങ്ങിക്കൊടുത്ത ആംബുലൻസിൽ നമ്മുടെ സഭാവക മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും എല്ലാം വ്യർത്ഥമായി പോയി. ഡോക്ടർമാർക്കോ മെഡിക്കൽ സയൻസിനോ മരണത്തെ തടഞ്ഞു നിർത്തുവാനുള്ള കഴിവില്ലല്ലോ. ദുഖത്തോടാണെങ്കിലും വലിയ ആഘോഷത്തോടെ നിങ്ങൾ എന്റെ അടക്ക ശുശ്രൂഷ നടത്തി. പ്രതീക്ഷകൾക്ക് അപ്പുറം, ഒടുക്കം എനിക്ക് വിധിച്ചതാകട്ടെ അഗ്നി നരകവും. ജീവപുസ്തകത്തിൽ പേരിലാഞ്ഞതിനാൽ അബ്രഹാം പിതാവിന്റെ അടുക്കൽ പോകാൻ എനിക്ക് പറ്റിയുമില്ല. തകർന്നു പോയി മക്കളെ ഞാൻ തകർന്നു പോയി. കണ്ണിൽ ഇരുട്ടുകയറി ഞാൻ താഴെ വീണു. നിമിഷനേരംകൊണ്ട് അവർ എന്നെ യാതനാസ്ഥലത്ത് എത്തിച്ചു.
നരകത്തിന്റെ ഭീകരത അനുഭവിച്ച് അറിഞ്ഞു തുടങ്ങിയ നേരം ഞാൻ മുകളിലേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച്ച... ഹോ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കണ്ണിനുമേലെ അരിച്ച് അരിച്ച് പൊയ്ക്കൊണ്ടിരുന്ന പുഴുക്കളെ വകഞ്ഞ് മാറ്റി ഞാൻ പിന്നേയും പിന്നേയും നോക്കി. നമ്മുടെ പടിവാതിൽക്കൽ കിടന്ന അതേ ലാസർ.. അവൻ അബ്രഹാം പിതാവിന്റെ മടിയിൽ!! പടിവാതിൽക്കൽ കിടക്കാൻ ഞാൻ അവനെ അനുവദിച്ചതിന്റെ നന്ദി എങ്കിലും കാണിക്കും എന്ന് കരുതി ഒന്നു മുട്ടിനോക്കാൻ ഞാൻ തീരുമാനിച്ചു. അബ്രഹാം പിതാവിന്റെ പേരിൽ ഭൂമിയിൽ എത്രയോ പള്ളികൾ പണിതുകൊടുത്തതാണ്, അബ്രഹാം പിതാവ് എന്നെ ഓർക്കും എന്നും ഞാൻ ഉറപ്പിച്ചു. രണ്ടും കൽപിച്ച് അബ്രാഹാം പിതാവിനോട്, ലാസറിന്റെ കൈവിരൽ ജലത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കാൻ അവനെ ഇങ്ങോട്ട് അയക്കാമോ എന്ന് ഞാൻ ചോദിച്ചു. അതു ചെയ്തെന്നും വെച്ച് കുഴപ്പം ഒന്നും ഇല്ലല്ലോ. ഭൂമിയിൽ അവനെ ഞാൻ സഹായിച്ചതിനു പകരം അവൻ എനിക്ക് ഒന്നും ഇതുവരെ ചെയ്തിട്ടൊന്നുമില്ലല്ലോ. എന്റെ ആയുസ്സിൽ അന്നുവരെ കേട്ടിട്ടില്ലാത്ത ഡയലോഗ് ആയിരുന്നു അബ്രഹാം പിതാവിൽ നിന്നും ഉണ്ടായത്. നിന്റെ ആയുസിൽ നീ അടിച്ചു പൊളിച്ചു നടന്നു. ലാസറിനു ചെയ്തുകൊടുക്കാവുന്ന സഹായത്തിന്റെ ഒരു അംശം മാത്രമേ നീ അവനോടു ചെയ്യൊള്ളു. ലഭിച്ച കയ്പ്പുനീര് പിറുപിറുപ്പില്ലാതെ ലാസർ അനുഭവിച്ചു തീർത്തു. ഇന്ന് അവൻ ആശ്വസിക്കുന്നു. നീ അന്ന് ആശ്വസിച്ചു. ഇന്ന വേദനപ്പെടുന്നു. ഇതാണ് ദൈവനീതി എന്ന് കരുതികൊള്ളുക. ഒരിക്കൽ അനുവദിക്കപ്പെട്ടുകഴിഞ്ഞാൽ അവിടെ നിന്നും ഇവിടെയ്ക്കോ, ഇവിടെ നിന്നും അവിടേയ്ക്കോ ആർക്കും പോകുവാൻ സാധിക്കാത്ത വിധം നീതിയുടെ ഒരു വലിയ പിളർപ്പ് ഉണ്ട്. അതുകൊണ്ട് ഇത്തരം വ്യാമോഹം ഉപേക്ഷിച്ചേക്കുക. ലാസർ സുഖിക്കുന്നത് കണ്ടത് സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെ യാതനാ സ്ഥലത്തേയ്ക്ക് ക്ഷണിച്ചത് എന്ന് അബ്രഹാം പിതാവിനു മനസിലായെന്ന് തോന്നുന്നു. എങ്കിലും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല. ഞാനോ ഇങ്ങനെ ആയി എന്റെ അഞ്ച് സഹോദരങ്ങൾക്ക് ഈ ഗതി വരരുത്. നിങ്ങളുടെ അടുക്കൽ എന്നെ അയക്കാവോന്ന് ചോദിക്കാൻ ആയിരുന്നു. പ്ലാൻ എങ്കിലും, വിജയിക്കില്ലെന്ന് ഉറപ്പായിരുന്നത് കൊണ്ട് ലാസറിനെ അയക്കാമോ എന്ന് കെഞ്ചി ചോദിച്ചു 'എന്റെ മക്കളേ, അവിടെ ദാനിയേൽ ഉപദേശിയും തോമസ് പ്രവാചകനും ഒക്കെ ഉണ്ട് അവർ പറയുന്നത് ഒക്കെ അനുസരിക്കാൻ മനസ്സില്ലാത്തവർ ലാസർ പറഞ്ഞാലും അനുസരിക്കുവേലാന്നായിരുന്നു അബ്രഹാം പിതാവിന്റെ മറുപടി.
എന്റെ പൊന്നു മക്കളെ, നിങ്ങൾ ആ ഉപദേശിമാർ പറയുന്നത് ശ്രദ്ധിച്ച് കേട്ട് മനസ്സിലാക്ക്. ദൈവവചനത്തിന്റെ ഓരോ വാക്കുകളും കീറിമുറിച്ച് പഠിച്ച എത്രയോ ആളുകൾ അവിടെ ഉണ്ട്. അവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരുന്നാൽ എന്റെ അവസ്ഥ നിങ്ങൾക്കും ഉണ്ടാകും. തീയ്ക്ക് ഉള്ളിൽ ആണേലും തെല്ലും വെളിച്ചം ഇവിടെ ഇല്ല. അൽപം പോലും ചൂട് താങ്ങാൻ കഴിയാതെ വീടുമുഴുവൻ എയർ കണ്ടീഷൻ ചെയ്ത് ജീവിച്ച ഞാൻ ഇവിടെ അനുഭവിക്കുന്ന ചൂട് വർണ്ണിക്കാൻ പറ്റുന്നില്ല. കണ്ണിലും മൂക്കിലും, വായിലും എന്നുവേണ്ട ശരീരം മുഴുവൻ പുഴു അരിച്ചരിച്ച് സഞ്ചരിക്കുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാൻ ആർക്കും ഇടയാവാതിരിക്കട്ടെ. എന്റെ പൊന്നുമക്കളെ, ഉപദേശിമാർ പറയുന്നത്. നിങ്ങൾ അനുസരിക്ക്, സഭായോഗത്തിനു പോ, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്ക്, ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ജീവിക്ക്, എന്നിട്ട് ദാനധർമ്മങ്ങൾ ചെയ്യ്, അബ്രഹാം പിതാവിന്റെ മടിയിൽ നിങ്ങൾക്കും എത്താൻ പറ്റും. ഒത്തിരി എഴുതി. ഈ പുഴുക്കൾ കാരണം എനിക്ക് ഒന്നും ചെയ്യാനേ പറ്റുന്നില്ല. ഞാനോ പെട്ടുപോയി, നിങ്ങൾക്ക് ആർക്കും ഈ അവസ്ഥ ഉണ്ടാകരുത്.
സ്നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട ധനവാൻ മുതലാളി