•   Monday, 25 Nov, 2024

കുറേനക്കാരൻ്റെ സാക്ഷ്യം

Generic placeholder image
  Pracharam admin

(ഒരു സഭായോഗത്തിൽ ദൈവം ചെയ്ത നന്മകൾ സാക്ഷ്യമായി പറയുന്ന കുറെനക്കാരനെ ഭാവനയിൽ വരയ്ക്കുകയാണ് ഈ രചനയിൽ. നാട്ടുനടപ്പ് പ്രകാരം സാക്ഷ്യത്തിന് മുൻപുള്ള സന്തോഷിപ്പിച്ച നാലുവരി ഗാനം, സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന ഹല്ലേലുയ്യ, സ്തോത്രം, ഗ്ലോറി, തുടങ്ങിയവയും, സന്തോഷിപ്പിച്ച വേദ ഭാഗവായനയും നിർബന്ധമാണെങ്കിലും, വിസ്താര, വിമർശന ഭയത്താൽ ഒഴിവാക്കിയിരിക്കുന്നു.)

കുറേനക്കാരനായ ശീമോൻ, തൻ്റെ ഇരിപ്പിടത്തിൽ നിന്നും പതിയെ എഴുന്നേറ്റു. മറ്റുള്ളവരെല്ലാം സാക്ഷ്യം പറഞ്ഞ് ഇരുന്നു കഴിഞ്ഞു. രക്ഷകൻ്റെ ചുടു ചോരയിൽ സ്പർശിച്ച ശീമോൻ അച്ചായനെ ആരാധനയോടെയാണ് പലരും നോക്കിയത്. അതുവരെ നിൽക്കുക ആയിരുന്ന പാസ്റ്റർ തൻ്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി. ശീമോൻ അച്ചായന് പറയാൻ ഏറെയുണ്ടെന്ന് പാസ്റ്റർക്കും അറിയാം. പാട്ടുപാടിയും, വേദിയിലിരിക്കുന്ന വന്ദനവും ബഹുമാനവും ആഗ്രഹിക്കുന്നവർക്കും കമ്മിറ്റിക്കാർക്കും, അവസരം തന്നവർക്കും, വന്നവർക്കും പോയവർക്കും വന്ദനം പറഞ്ഞും, തനിക്ക് ലഭിച്ച സമയം മനുഷ്യ പ്രീതിക്ക് ഉപയോഗിക്കാതെ, ശീമോൻ അച്ചായൻ നേരിട്ട് തൻ്റെ സാക്ഷ്യത്തിലേക്ക് കടന്നു.

ദൈവജനമേ, ഞാൻ ഗ്രാമത്തിൽ നിന്നും വരുന്ന വഴി ആയിരുന്നു. പെസഹയ്ക്ക് യെരുശലേമിൽ പങ്കെടുക്കണം എന്ന വലിയ ആഗ്രഹത്തോടെ ദൂരങ്ങൾ ചവിട്ടിത്താണ്ടി വേഗം ഞാൻ മുന്നോട്ട് നീങ്ങി. എന്തുകൊണ്ടോ അന്ന് അന്തരീക്ഷം മൂടികെട്ടി നിൽക്കുന്നു. വലിയ മഴയ്ക്കുള്ള കോളുപോലെ ആകാശവും ഇരുണ്ടു തുടങ്ങി. പെട്ടെന്നാണ് ഞാൻ ആ ആരവാരവം കേട്ടത്. പട്ടാളവും, സാധാരണക്കാരും, ശാസ്ത്രിമാരും, പരീക്ഷന്മാരും എന്നുവേണ്ട ആബാലവൃദ്ധജനങ്ങളും ഒരുമിച്ച് വരുന്നതിൻ്റെ  ഇടയിൽ മാംസപിണ്ഡം പോലെ ഒരു മനുഷ്യൻ. വഹിക്കാൻ കഴിയുന്നതിനേക്കാൾ അധികം ഭാരം ഉള്ള ഒരു കൂറ്റൻ മരക്കുരിശ് അയാളുടെ തോളിൽ ഉണ്ട്. അതുമായി വീണും എഴുന്നേറ്റും ബന്ധപ്പെട്ട് ഏന്തിവലിഞ്ഞ് അയാൾ എങ്ങനെ ഒക്കെയോ മുന്നോട്ട് നീങ്ങുന്നു. ചുറ്റും നടക്കുന്നവർ പരിഹസിക്കുകയും, അയാളുടെ മുഖത്ത് തുപ്പുകയും, ആര്‍ത്ത് ചിരിക്കുകയും ചെയ്യുന്നു. പടയാളികൾ ഇടയ്ക്കിടയ്ക്ക് അയാളെ കുന്തം കൊണ്ട് കുത്തുന്നു. വലിയ മുള്ളുകൾ മെടഞ്ഞു നിർമിച്ച കിരീടം തലയിൽ കുത്തി ഇറക്കിയതിനാൽ ഓരോ മുള്ളിൽ നിന്നും ചോര കുതിച്ചു ഒഴുകുന്നു. മുഖത്തെ താടി രോമങ്ങൾ പിച്ചി പറിച്ചെടുത്ത ഇടങ്ങളിൽ രക്തം കട്ടപിടിച്ചു ഇരിക്കുന്നു. ദൂരെ നിന്നും ആ ഭീകരാവസ്ഥ ഒരു നോക്ക് കണ്ടപ്പോഴേ എൻ്റെ ഹൃദയം തകർന്നു പോയി.

ഞാൻ നോക്കിനിൽക്കെ പലവട്ടം വേച്ച് വീണ ആ മനുഷ്യൻ എന്റെ അടുക്കൽ വന്നപ്പോൾ പിന്നെയും വീണു. എല്ലാവരും ആർത്ത് ചിരിച്ച് നോക്കി നിന്നതുപോലെ; കണ്ടു നിൽക്കുവാൻ എനിക്ക് സാധിച്ചില്ല. എനിക്ക് ആലയത്തിൽ പോകണം എന്നത് ഞാൻ ആ സമയത്ത് ഓർത്തില്ല. എൻ്റെ വസ്ത്രങ്ങൾ മുഷിയും എന്നത് ചിന്തിക്കുവാൻ എനിക്ക് സാധിച്ചില്ല. മുഷിഞ്ഞ വസ്ത്രവുമായി ആലയത്തിൽ കയറാൻ പുരോഹിതന്മാർ അനുവദിക്കുമോ, ചോരപുരണ്ട വസ്ത്രവുമായി യാത്ര ചെയ്താൽ തെറ്റിദ്ധരിച്ച് ആരെങ്കിലും പടയാളികൾക്ക് എന്നെ പിടിച്ചു കൊടുക്കുമോ? ഇതൊന്നും ചിന്തിക്കുവാൻ ആ സമയത്ത് എനിക്ക് കഴിഞ്ഞില്ല. എൻ്റെ മക്കൾ റൂഫസിനെയും അലക്സാന്തരയും ഞാൻ ആ സമയത്ത് ഓർത്തു. എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ എൻ്റെ മക്കൾക്ക് അത് സഹിക്കുവാൻ കഴിയുമോ?

കുരിശിന്  വിധിക്കപ്പെട്ടവൻ ശപിക്കപ്പെട്ടവൻ ആണെന്ന് എനിക്ക് അറിയാമെങ്കിലും, അവൻ്റെ ദയനീയ വീഴ്ച്ചയിൽ താങ്ങുവാൻ ഞാൻ അറിയാതെ എന്റെ കരം നീണ്ടു. രക്തത്തിൽ കുതിർന്ന പച്ചമരകുരിശിനു ഞാനെൻ്റെ ചുമൽ കൊടുത്തു. പൊടുന്നനവേ പടയാളികൾ എന്നെ വളഞ്ഞു. ഒരു നിമിഷം ഭയന്നുപോയ ഞാൻ അവർക്ക് മുൻപിൽ കുനിഞ്ഞ ശിരസ്സോടെ നിന്നു. ഞാൻ അവൻ്റെ കുരിശിനെ താങ്ങിയതിൻ്റെ ശിക്ഷ എന്നോണം ഗോൽഗോൽത്താവരെ കുരിശ് ചുമക്കുവാൻ അവർ എനിക്ക് ശിക്ഷ വിധിച്ചു.  സന്തോഷത്തോടെ ഞാൻ അത് ഏറ്റെടുത്തു.

എനിക്ക് മുന്നേ അക്ഷോഭ്യനായി ഏന്തി വലിഞ്ഞ് നടക്കുന്നവൻ ഞാൻ കാത്തിരുന്ന മശിഹാ ആണെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല. എൻ്റെ കർത്താവിനെ തൊടുവാൻ അവൻ്റെ തങ്കചോരയിൽ അക്ഷരാർത്ഥത്തിൽ സ്പർശിക്കുവാൻ എനിക്ക് കഴിഞ്ഞു എന്നത് ഇപ്പോഴും ഒരു ആശ്ചര്യമായി ഞാൻ കരുതുന്നു. എനിക്ക് ചുറ്റും നടന്ന പുരുഷാരം അവനെക്കുറിച്ച് ചിലർ അങ്ങനെയും ചിലർ ഇങ്ങനെയും പറഞ്ഞ ഓരോ സംഗതികളും എൻ്റെ ഹൃദയത്തിൽ തറയുന്നുണ്ടായിരുന്നു.

കാൽവറിയിൽ മരകുരിശിൽ അവനെ തറയ്ക്കുന്നതും, അവൻ്റെ അസ്ഥികൾ എല്ലാം ബന്ധംവിടാൻ തക്കവണ്ണം മരകുരിശ് മലമുകളിലെ കുഴിയി ലേയ്ക്ക് ഇട്ടതും കണ്ടപ്പോൾ ഞാൻ അറിയാതെ വാവിട്ട് നിലവിളിച്ചുപോയി. ദാഹജലത്തിനായി അവൻ കെഞ്ചിയതും, അവൻ്റെ മാതാവിനെ ശിഷ്യന് ഏൽപിച്ചുകൊടുത്തതിലൂടെ തൻ്റെ കരുതൽ പ്രകടിപ്പിച്ചതും,എന്നേയും ഓർക്കണമേ എന്ന് പറഞ്ഞ കള്ളനോട്, അവൻ്റെ മാനസാന്തരത്തിനു പ്രതിഫലം ഉണ്ടെന്ന് പ്രഖ്യാപിച്ചതിലൂടെ തൻ്റെ ദൈവിക അപ്രമാദിത്വം പ്രഖ്യാപിച്ചതും, എല്ലാറ്റിനും അപ്പുറം തന്നെ ദ്രോഹിച്ച ജനത്തോട് ക്ഷമിക്കണമേ എന്ന് പിതാവിനോട് അപേക്ഷിച്ചതും ഞാൻ കേട്ടു. ശതാധിപൻപോലും അവനെക്കുറിച്ച് നീതിമാനെന്ന് സാക്ഷ്യം പറഞ്ഞത് ഞാൻ എൻ്റെ ചെവിയിൽ കേട്ടു. ദ്രോഹിച്ചവർക്കെതിരെ ഒരു വാക്ക് പറയാതെ ക്ഷമിക്കുവാൻ തയ്യാറായ ആ സ്നേഹം എന്നെ  സ്പർശിച്ചു. പ്രാണനെവിടുമ്പോൾ  പട്ടാപകൽ ഭൂമി  ഇരുണ്ടതിനും, ഭൂകമ്പങ്ങൾ ഉണ്ടായതിനും, ആയിരങ്ങൾക്ക് ഒപ്പം ഞാനും സാക്ഷിയായി.

കുറേനയിലെ ലിബ്യയിൽ നിന്നും യെരുശലേമിൽ പെരുന്നാളിനു വന്നിരുന്ന സകലജനത്തോടും ഞാൻ സാക്ഷ്യം പറഞ്ഞു. മൂന്നാം ദിവസം അവൻ മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതും, മഹാപുരോഹിതനും,ശാസ്ത്രിമാരും അതിനെതിരെ ഉപയോഗിച്ച ഉപായവും, ദൂതന്മാരെ കണ്ട് ഭയന്ന പടയാളികളെക്കുറിച്ചും എന്നുവേണ്ട ക്രിസ്തുവിൻറ സ്വർഗ്ഗാരോഹണത്തിനും അനേകർ സാക്ഷികൾ ആയി. പെന്തകോസ്തുനാളിൽ അപ്പസ്തോലർ അഭിഷേകം പ്രാപിച്ചപ്പോൾ എൻ്റെ ജനത്തിനു മുൻപിൽ നമ്മുടെ ഭാഷയിൽ അവർ സംസരിക്കുന്നത് കേട്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടു. അന്ന് സുവിശേഷത്തിൽ വിശ്വസിച്ച് സ്നാനം സ്വീകരിച്ചവരിൽ നമ്മുടെ ആളുകളും ഉണ്ടായിരുന്നു. ഇന്ന് എൻ്റെ മകൻ റൂഫസിനെ കർത്താവിൽ പ്രസിദ്ധൻ എന്ന് അപ്പോസ്തോലൻ അഭിസംബോധന ചെയ്തിരിക്കുന്നു. അവൻ്റെ അമ്മയായ എൻ്റെ ഭാര്യയെ അപ്പോസ്തോലൻ തൻ്റെ അമ്മയുടെ സ്ഥാനത്ത് കണക്കാക്കുന്നു എന്ന് എഴുതി അറിയിച്ചിരിക്കുന്നു. ഞാനും എൻ്റെ കുടുംബവും ഇതിന് തക്കതായി എന്തുള്ളൂ? എവിടെയോ അവസാനിക്കാമായിരുന്ന എന്നെയും എൻ്റെ കുടുംബത്തെയും മാന്യനാക്കിയത് കർത്താവിൻ്റെ ക്രൂശ് മരണം ആണ്. അവസാനം വരെ കർത്താവിനായി ഞങ്ങൾ ജീവിക്കും. അവൻ സഹിച്ച പങ്കപ്പാട് തിരിച്ചറിഞ്ഞവർ ആരും ആ സ്നേഹത്തിൽ നിന്നും പിന്മാറിപോകില്ല. ഒരിക്കലും ഞാൻ പോകില്ല. എൻ്റെ കുടുംബവും. നിങ്ങളും ആ സ്നേഹത്തെ മറക്കില്ലെന്ന് ഞാൻ അറിയുന്നു. നിശബ്ദമായിരുന്ന സഭ ഒന്നാകെ ആമേൻ ശബ്ദത്താൽ മുഖരിതമാകവേ ശീമോൻ അച്ചായൻ തൻ്റെ ഇരിപ്പിടത്തിൽ പതിയെ അമർന്നു. നിറമിഴികൾ തുടച്ചുകൊണ്ട് പാസ്റ്റർ തുടർ ശുശ്രൂഷയ്ക്കായി എഴുന്നേറ്റു.

എയ്ഞ്ചൽ മരിയ എസ് ചാക്കോ, ആമയാർ

Comment As:

Comment (0)